അടുത്തറിയാം, ഈ സര്‍വകലാശാല പരിഷ്കാരങ്ങളെ
യൂണിവേഴ്സിറ്റികളില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന പുതിയ നടപടികളെ കുറിച്ചു നിരവധി ചര്‍ച്ചകളും സംശങ്ങളുമാണ് വിവിധ വിദ്യാര്‍ത്ഥി ഗ്രൂപ്പുകളില്‍ നിന്നുയര്‍ന്നുവരുന്നത്. എന്താണ് ആ നടപടികളിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങള്‍ എന്നു പരിശോധിക്കാം.
ആദ്യം തന്നെ പറയട്ടെ കോവിഡ് ആണ് യഥാര്‍ത്ഥ വില്ലന്‍ എന്നു കരുതണ്ട. ഇന്നലെ നടന്ന ചര്‍ച്ചകളിലൂടെ നടപ്പാക്കാന്‍ ശ്രമിക്കുന്ന പല നിര്‍ദ്ദേശങ്ങളും വിവിധ യൂണിവേഴ്സിറ്റികള്‍ നേരത്തെ തന്നെ നടപ്പാക്കിയവയോ, നടപ്പാക്കാന്‍ ശ്രമം നടത്തിയവയോ മാത്രമാണ്. സെമസ്റ്റര്‍ സമ്പ്രദായത്തില്‍ ചോദ്യപേപ്പറുകള്‍ നോക്കുക, സമയത്തു ഫലം പ്രസിദ്ധീകരിക്കുക തുടങ്ങി നിരവധി വെല്ലുവിളികളാണ് യൂണിവേഴ്സിറ്റികള്‍ നേരിടുന്നത്. ഈ പ്രതിസന്ധി മറിക്കടക്കാനും കുട്ടികളുടെ പരീക്ഷാഫലം സമയാസമയം പ്രസിദ്ധീകരിക്കാനും ലക്ഷ്യമിട്ടാണ് പ്രസ്തുത നടപടികള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതു സംബന്ധിച്ച സംശയങ്ങളും മറ്റു ധാരണകളും ഒന്നു പരിശോധിക്കാം.
പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട്
ഒരു പരീക്ഷയുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങളാണ് യൂണിവേഴ്സിറ്റിക്ക് നേതൃത്വം നല്കാന് ഉള്ളത്. ഇതുവരെ പരീക്ഷാ ചോദ്യ പേപ്പര്‍ തയ്യാറാക്കുക, പരീക്ഷ നടത്തുക, റിസല്‍ട്ട് പ്രസിദ്ധീകരിക്കുക എന്നതൊക്കെ യൂണിവേഴ്സിറ്റികളുടെ കടമയായിരുന്നു. എന്നാല്‍ സെമസ്റ്റര്‍ സമ്പ്രദായത്തിലേക്കുള്ള മാറ്റവും അഫിലിയേറ്റ് ചെയ്ത കോളേജുകളുടെയും അതുവഴി കുട്ടികളുടെയും എണ്ണം കൂടിയത് മേല്പറഞ്ഞ കാര്യങ്ങള്‍ കൃത്യസമയത്ത് നടത്തുക എന്നത് യൂണിവേഴ്സിറ്റികളെ സംബന്ധിച്ച് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. പറഞ്ഞുവന്നത് മേല്‍സൂചിപ്പിച്ച പുതിയ നടപടിക്രമങ്ങള്‍ യൂണിവേഴ്സിറ്റികളില്‍ ചര്‍ച്ചചെയ്യപ്പെടുന്നത് ആദ്യമായിട്ടല്ല എന്നു സൂചിപ്പിക്കാന്‍ മാത്രം. ഇനി കാര്യത്തിലേക്കു കടക്കാം. കുട്ടികള്‍ നേരിടുന്ന പോലെ തന്നെ, പരീക്ഷയാണ് യൂണിവേഴ്സിറ്റികള്‍ക്കും യഥാര്‍ത്ഥ വെല്ലുവിളി എന്നു മനസിലായി കഴിഞ്ഞല്ലേ. അപ്പോള്‍ ആ വെല്ലുവിളി എങ്ങനെ ലഘൂകരിക്കാന്‍ കഴിയുമെന്നതാണ് ചില നടപടികളിലൂടെ കണ്ടെത്താന്‍ സാധിക്കുന്നത്. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് തന്നെ ആദ്യം.
പരീക്ഷാ നടത്തിപ്പുകള്‍ ഇങ്ങനെ
നിലവില്‍ സെമസ്റ്റര്‍, വാര്‍ഷിക പരീക്ഷകള്‍ നടത്തുക എന്നത് യൂണിവേഴ്സിറ്റികളുടെ മാത്രം ഉത്തരവാദിത്വമാണ്. എന്നാല്‍ മഹാത്മഗാന്ധി യൂണിവേഴ്സിറ്റിയിലടക്കം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന മാറ്റങ്ങള്‍ പ്രസ്തുത ഉത്തവരാദിത്വം അതതു കോളേജുകള്‍ക്കും പകുത്തു നല്‍കുക എന്നതാണ്. ചുരുക്കി പറഞ്ഞാല്‍ ആറു സെമസ്റ്ററുകളാണ് ഉള്ളതെങ്കില്‍ മൂന്നു സെമസ്റ്റുകളില്‍ പരീക്ഷനടത്തി ഫലം പ്രസിദ്ധീകരിക്കുക എന്നത് യൂണിവേഴ്സിറ്റിയും ബാക്കി വരുന്ന സെമസ്റ്ററുകളുടെ ഉത്തരവാദിത്വം അതത് കോളേജുകളും ഏറ്റെടുക്കേണ്ടി വരും. ആദ്യവര്‍ഷം വരുന്ന രണ്ടു സെമസറ്ററുകളില്‍ ഒരെണ്ണം യൂണിവേഴ്സിറ്റി നിര്‍ദ്ദേശിക്കുന്ന അദ്ധ്യാപകര്‍ ആവും മൂല്യം നിര്‍ണ്ണയം നടത്തുക. അതിനാല്‍തന്നെ കോളേജുകള്‍ക്കു മാത്രമായി മാര്‍ക്കുകള്‍ കൂട്ടാനോ കുറയ്ക്കാനോ കഴിയില്ല. മാര്‍ക്കുകള്‍ തമ്മിലുള്ള അന്തരം കൂടുതല്‍ ആണെങ്കില്‍ നടപടിയെടുക്കാനും അതുമല്ലെങ്കില്‍ പരാതിപ്പെടാനോ കഴിയും. യൂണിവേഴ്സിറ്റി കേന്ദ്രീകൃത മൂല്യനിര്‍ണ്ണയത്തിലും അതതു വിഷയങ്ങള്‍ പഠിപ്പിക്കുന്നവര്‍ തന്നെയാണല്ലോ പേപ്പര്‍ നോക്കുന്നത്. അതുകൊണ്ട് മാര്‍ക്കുകളില്‍ അന്തരം ഉണ്ടാകാന്‍ ഇടയില്ല. എന്നാല്‍ സെമസ്റ്റര്‍ സമ്പ്രദായത്തില്‍ ഇതെങ്ങനെ കാര്യ ക്ഷമമായി നടപ്പാക്കാന്‍ കഴിയുമെന്നൊരു ചോദ്യം ഇവിടെ ഉയര്‍ത്തുന്നുണ്ട്.
ഡബിള്‍ മെയിന്‍, ട്രിപ്പിള്‍ മെയിന്‍ പഠിക്കുന്നവരെയാണ് ഇവിടെ കാര്യങ്ങള്‍ ദോഷകരമായി ബാധിക്കുക. അവര്‍ക്ക് ചില പേപ്പറുകള്‍ ഒരു സെമസ്റ്ററില്‍ മാത്രമേ പഠിക്കേണ്ടതായി വരുന്നുള്ളു. അത്തരത്തില്‍ ഒരു വിഷയം നന്നായി പഠിച്ചു നല്ല മാര്‍ക്കു വാങ്ങുകയും ആ പേപ്പര്‍ കോളേജിലാണ് നോക്കുന്നത് എന്നും വെയ്ക്കുക. ആ വര്‍ഷം തന്നെ യൂണിവേഴ്സിറ്റി പരിശോധിക്കേണ്ടതായ സെമസ്റ്ററില്‍ കൂടുതല്‍ മാര്‍ക്കു വാങ്ങിയ വിഷയുമായി യാതൊരു ബന്ധവുമില്ലാത്ത മറ്റൊരു വിഷയത്തിനു ആ കുട്ടിക്കു വളരെ കുറഞ്ഞ മാര്‍ക്ക് ലഭിക്കുകയും ചെയ്താല്‍ എങ്ങനെ മാര്‍ക്കുകള്‍ തമ്മില്‍ പൊരുത്തപ്പെടുത്തും എന്നത് ഒരു തര്‍ക്ക വിഷയമാണ്. (യൂണിവേഴ്സിറ്റി തന്നെ പരിഹാരം കണ്ടെത്തും എന്നു വിചാരിക്കാം)
പ്രസ്തുത മാറ്റത്തിന്റെ നേട്ടങ്ങളും കോട്ടങ്ങളും
പരീക്ഷാ നടത്തിപ്പുമായി യൂണിവേഴ്സിറ്റിക്കു മുടക്കേണ്ടി വരുന്ന തുകയില്‍ പകുതി ലാഭിക്കാന്‍ കഴിയും. പരീക്ഷ മൂല്യനിര്‍ണ്ണയവുമായി ബന്ധപ്പെട്ട് ക്ലാസുകള്‍ നഷ്ടപ്പെടുന്നത് കുറയ്ക്കാനും കഴിയും. അദ്ധ്യാപകര്‍ക്കു പേപ്പര്‍ നോക്കുക എന്നത് പാര്‍ട്ട് ഓഫ് ഡ്യൂട്ടിയായി മാറ്റുന്നതോടെ മൂല്യനിര്‍ണ്ണയത്തിനു പ്രത്യേക തുക നല്‍കേണ്ടി വരില്ല.
സ്വകാര്യ മാനേജുമെന്റകളുടെ കീഴില്‍ ജോലിചെയ്യുന്ന അദ്ധ്യാപകര്‍ക്കു പരീക്ഷ മൂല്യനിര്‍ണ്ണയത്തിലൂടെ ലഭിക്കുന്ന തുക നഷ്ടപ്പെടുത്താനും ഇതുവഴിവെയ്ക്കും. മിക്ക കോളേജുകളിലും വളരെ ചെറിയ ശമ്പളത്തിലാണ് അദ്ധ്യാപകര്‍ നെറ്റും പി.എച്ച്.ഡിയുമൊക്കെ എടുത്തതിനു ശേഷവും ജോലി ചെയ്യേണ്ടി വരുന്നത്. ഫലത്തില്‍ യൂണിവേഴ്സിറ്റികള്‍ക്കു സാമ്പത്തിക നേട്ടമാണെങ്കിലും ആയിരകണക്കിനു സ്വകാര്യ കോളേജ് അദ്ധ്യാപകരെ ഇതു നേരിട്ടു ബാധിക്കും.
പരീക്ഷാ ഫലം താമസം ഇല്ലാതെ അറിയാന്‍ കഴിയുമെന്നതാണ് കുട്ടികള്‍ക്കു പ്രസ്തുത മാറ്റത്തിലൂടെ പ്രതീക്ഷിക്കാന്‍ കഴിയുന്ന നേട്ടം. സെമസ്റ്റര്‍ സമ്പ്രദായത്തില്‍ ഇതു ഗുണകരാണ്. പരീക്ഷയുടെ സിലബസ്, നടത്തിപ്പു മറ്റു വിവരങ്ങള്‍ യൂണിവേഴ്സിറ്റികള്‍ തന്നെയാവും നിര്‍ദ്ദേശിക്കുക അതുകൊണ്ട് റാങ്ക് പ്രതീക്ഷിക്കുന്നവര്‍ക്കു ഇതുകൊണ്ട് ദോഷം സംഭവിക്കാന്‍ സാധ്യതയില്ല.
ചോദ്യപേപ്പര്‍ സംബന്ധിച്ച്:
2019 അക്കാദമിക് വര്‍ഷം തൊട്ട് ചോദ്യ പേപ്പര്‍ ഓണ്‍ലൈനായിട്ടാണ് അതതു കോളേജുകളില്‍ എത്തുന്നത്. അതായത് പാസ്വേര്ഡ് പ്രൊട്ടക്ട് ചെയ്ത ഒരു ഫയലായി കോളേജുകളിലേക്ക് പരീക്ഷാദിവസം അയച്ചുകൊടുക്കുന്നു. പരീക്ഷയ്ക്കു ഒരു മണിക്കൂര്‍ മുന്നെ കോളേജുകള്‍ക്കു അത് പ്രിന്റ് എടുക്കാം. പരീക്ഷാ സമയത്ത് കുട്ടികള്‍ക്കു നല്കി പരീക്ഷ നടത്താം. (നേരത്തെ ചോദ്യ പേപ്പര്‍ പ്രിന്റ് എടുത്ത് കവറിലാക്കി സീല്‍ ചെയ്തു യൂണിവേഴ്സിറ്റി വണ്ടികളില്‍ എത്തിച്ചു കൊടുക്കുകയായിരുന്നു പതിവ്) എന്നാല്‍ ചോദ്യ പേപ്പര്‍ ഓണ്‍ലൈന്‍ ആക്കുക വഴി യൂണിവേഴ്സിറ്റിക്കു പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് വലിയൊരു സാമ്പത്തിക ബാധ്യത കുറയ്ക്കാന്‍ കഴിയുമെന്നത് ഇതിന്റെ നേട്ടമാണ്. കോളേജുകള്‍ക്കു സ്വല്പ്പം ചിലവ് കൂടുകയും ചെയ്തു. പ്രിന്റ് എടുക്കുക എന്ന ബാധ്യത കോളേജുകളുടെ തലയിലായി. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കോളേജുകള്‍ അഫിലിയേറ്റ് ചെയ്തിരിക്കുന്ന മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിലടക്കം ഇത്തരം നടപടികളിലൂടെയാണ് കഴിഞ്ഞ വര്‍ഷം മുതല്‍തന്നെ പരീക്ഷകള്‍ നടത്തി വരുന്നത്.
ഓണ്‍ലൈന്‍ ചോദ്യ ബാങ്ക്:
കുട്ടികള്‍ക്കു ഉപകാരപ്പെടണം എന്ന നിലയിലാണ് ഇങ്ങനെയൊരു കാര്യം നടപ്പാക്കുന്നത്. പല പരീക്ഷകള്‍ക്കും സിലബസിനു പുറത്തുനിന്നു ചോദ്യങ്ങള്‍ വരുക എന്നത് എല്ലാ യൂണിവേഴ്സിറ്റികളിലും ഒരു പതിവാണ്. എന്നാല്‍ ചോദ്യ ബാങ്ക് നടപ്പാക്കുന്നതോടെ അതത് വിഷയങ്ങള്‍ പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ക്കു തന്നെ ചോദ്യങ്ങള്‍ തയ്യാറാക്കി ചോദ്യ ബാങ്കില്‍ നിക്ഷേപിക്കാം. (ഇതു പിന്നീടു കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും റെഫര്‍ ചെയ്യാന്‍ കഴിയുമെന്നാണ് യൂണിവേഴ്സിറ്റികള്‍ വ്യക്തമാക്കുന്നത്.) ഒരു വിഷയത്തിന്റെ വിവിധ മൊഡ്യൂളുകള്‍ അനുസരിച്ചാണ് ചോദ്യങ്ങള്‍ തയ്യാറാക്കുക.
ഇത്തരത്തില്‍ ഓരോ വിഷയത്തിനും ചുരുങ്ങിയത് 300 ചോദ്യങ്ങള്‍ എങ്കിലും ഒരു ചോദ്യബാങ്കില്‍ ഉണ്ടാകും. ഇതുവഴി സിലബസില്‍നിന്നുള്ള ചോദ്യങ്ങള്‍ മാത്രം പരീക്ഷയ്ക്കു ഉറപ്പുവരുത്താന്‍ കഴിയുമെന്നതാണ് നേട്ടം. മാത്രമല്ല ഈ ചോദ്യബാങ്കില്നിന്നു ചോദ്യപേപ്പര്‍ ഉണ്ടാക്കുക എന്നത് ഒരു സോഫ്റ്റവെയറിന്റെ സഹായത്തോടെയാണ് ചെയ്യുന്നത്. എന്നാല്‍ ഇങ്ങനെ നടത്തിയ പരീക്ഷകള്‍ ബുദ്ധിമുട്ടായിരുന്നു എന്നു ചിലയിടങ്ങളില്‍നിന്നു പരാതിയും വന്നിട്ടുണ്ട്.
ഇതുവഴി പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട ചിലവുകള്‍, ആവശ്യമായ മാന്‍പവര്‍, ഒക്കെ കുറയ്ക്കാന്‍ കഴിയുമെന്നതാണ് യൂണിവേഴ്സിറ്റികള്‍ക്കുള്ള നേട്ടം. പഴയ രീതിയില്‍ വേറെ യൂണിവേഴ്സിറ്റികളിലെ അദ്ധ്യാപകരെ കണ്ടെത്തി അവര്‍ക്ക് സിലബസും മറ്റു വിവരങ്ങളും കൈമാറി ചോദ്യപേപ്പര്‍ ഒന്നിനു ആയിരം രൂപം വീതം നല്കി തയ്യാറാക്കുകയായിരുന്നു പതിവ്. എന്നാല്‍ സെമസ്റ്റര്‍ സമ്പ്രദായത്തില്‍ അത് അത്ര എളുപ്പമുള്ള കാര്യമല്ല എന്നതാണ് വസ്തുത. സിലബസ് പുറത്തിറക്കിയ ശേഷം പിന്നീടു ചില മൊഡ്യൂളുകള്‍ നീക്കം ചെയ്യുക എന്നത് മിക്ക യൂണിവേഴ്സിറ്റികളിലും പൊതുവെ നടക്കുന്ന കലാപരിപാടിയാണ്. ഇത്തരം സന്ദര്‍ഭത്തില്‍ വേറെ യൂണിവേഴ്സിറ്റികളിലെ അദ്ധ്യാപകള്‍ ചോദ്യപേപ്പര്‍ തയ്യാറാക്കുന്ന പക്ഷം ഒഴിവാക്കിയ മൊഡ്യൂളുകളിലെ ചോദ്യങ്ങള്‍ കടന്നു കൂടുക എന്നത് കുട്ടികള്‍ക്കു വലിയൊരു പ്രതിസന്ധിയായിരുന്നു. കോളേജുകളില്‍നിന്നു ഈ ഭാഗം പഠിക്കണ്ട എന്നു അദ്ധ്യാപകര്‍ പറഞ്ഞ മൊഡ്യൂളുകളില്നിന്നു ചോദ്യം വരുമ്പോള്‍ അത് കുട്ടികളെ കുഴപ്പത്തിലാക്കുകയും ചെയ്യും. എന്നാല്‍ ചോദ്യബാങ്ക് ഈ പ്രതിസന്ധികള്‍ക്കു ഒരു പരിഹാരമാണ് എന്നത് വസ്തുതയാണ്. ഇത്രയുമാണ് പ്രധാന നിര്‍ദ്ദേശങ്ങളിലെ ചര്‍ച്ചാ വിഷയങ്ങള്‍ ആയി കടുന്നു വരുന്നത്. ഓണ്‍ ക്ലാസുകളുമായി ബന്ധപ്പെട്ട വിശദ വിവരങ്ങള്‍ വരുന്ന ദിവസങ്ങളില്‍ ചര്‍ച്ചചെയ്യാം.
തയ്യാറാക്കിയത്: ടീം കാമ്പസിന്