‘അമ്മയുടെ ഇഷ്ടങ്ങള്‍’

ക്ലാസ്സിലെ കുട്ടികളോടൊരിക്കല്‍ ചോദിച്ചു:
‘നിങ്ങളുടെ അമ്മയുടെ ഇഷ്ടങ്ങളെന്തെന്നറിയാമോ?’
പാതിയിലധികം പേരും കണ്‍മിഴിച്ചു.

ഒരാള്‍ പറഞ്ഞു:

യാത്രകളാണമ്മയ്ക്കിഷ്ടം.
‘ അമ്മ യാത്ര പോകാറുണ്ടോ?’
ഇല്ല, അമ്മ യാത്ര പോയാല്‍
ഞങ്ങളുടെ ഭക്ഷണം കഷ്ടമാകും.
വസ്ത്രങ്ങള്‍ അലക്കി കിട്ടില്ല.
മുറ്റത്ത് ചവറടിഞ്ഞു വൃത്തികേടാകും.

മറ്റൊരാള്‍:

എഴുതാനാണമ്മയ്ക്കിഷ്ടം.
‘ അമ്മ എഴുതാറുണ്ടോ?’
ഇല്ല, അമ്മയ്ക്ക് സ്വന്തമായി പേനയില്ല
ഇരുന്നെഴുതാന്‍ സ്വന്തമായി മുറിയില്ല, കസേരയില്ല.

അവസാനത്തെയാള്‍:

അമ്മയ്ക്ക് പാട്ടു കേള്‍ക്കാനാണിഷ്ടം.
‘ അമ്മ പാട്ടുകേള്‍ക്കാറുണ്ടോ?’
ഇല്ല. അമ്മയ്ക്ക് ഇരിക്കാന്‍ സമയമില്ല,
ഇയര്‍ഫോണുമില്ല.

ബാക്കിയുള്ളവര്‍ ചിന്തിച്ചു തുടങ്ങി.

എന്റെ അമ്മയ്ക്കും ഇഷ്ടങ്ങളുണ്ടോ?
ഉണ്ടാവില്ല.
ഇഷ്ടങ്ങളില്ലാത്തവരാണ് നല്ല അമ്മമാര്‍.

Poem by: ഡോക്ടര്‍. മിലന്‍ ഫ്രാന്‍സ്
അസോസിയേറ്റ് പ്രൊഫസര്‍ & റിസേര്‍ച്ച് ഗൈഡ്
റിസേര്‍ച്ച് സെന്റര്‍ ഇന്‍ ഇംഗ്ലീഷ്
സേവ്യേഴ്‌സ് കോളേജ് ഫോര്‍ വിമന്‍, ആലുവ

Leave a Reply

Your email address will not be published. Required fields are marked *

English Malayalam