എം.ജി: രജിസ്ട്രേഷൻ ആരംഭിച്ചു

എം.ജി. ഏകജാലക പ്രവേശനം: ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു

മഹാത്മാഗാന്ധി സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സർക്കാർ/എയ്ഡഡ്/സ്വാശ്രയ ആർട്സ് ആന്റ് സയൻസ് കോളേജുകളിൽ ഏകജാലകം വഴിയുള്ള ഒന്നാം വർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിൽ പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.
ഓൺലൈൻ രജിസ്ട്രേഷന്റെ ഉദ്ഘാടനം വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് നിർവഹിച്ചു. പ്രോ വൈസ് ചാൻസലർ പ്രൊഫ. സി.റ്റി. അരവിന്ദകുമാർ, സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ. റെജി സക്കറിയ, ഡോ ബി. കേരള വർമ, ഡോ. എ. ജോസ്, പി. ഹരികൃഷ്ണൻ, ഡോ. ഷാജില ബീവി, ഡോ. വർഗീസ്, രജിസ്ട്രാർ ഇൻചാർജ് ബാബുരാജ് വാര്യർ എന്നിവർ സന്നിഹിതരായിരുന്നു.


കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിൽ പ്രവേശനം പൂർണമായും ഓൺലൈൻ സംവിധാനത്തിലൂടെയാവും നടത്തുക. അതിനാൽ അപേക്ഷകർ സാക്ഷ്യപത്രങ്ങളുടെ ഡിജിറ്റൽ പകർപ്പ് അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 13 ആണ്.


ഒന്നാം വർഷ ബിരുദ പ്രോഗ്രാമുകളിലെ ക്ലാസുകൾ സ്പെ്തംബർ 27ന് ആരംഭിക്കും. എസ്.സി./എസ്.ടി. വിഭാഗത്തിൽപ്പെട്ടവർക്ക് 375 രൂപയും മറ്റുള്ളവർക്ക് 750 രൂപയുമാണ് രജിസ്ട്രേഷൻ ഫീസ്.

http://www.cap.mgu.ac.in എന്ന വെബ് സൈറ്റ് മുഖേനയാണ് ഓൺലൈൻ രജിസ്ട്രേഷൻ നടത്തേണ്ടത്. പ്രവേശനം സംബന്ധിച്ച വിശദവിവരങ്ങൾ പ്രസ്തുത സൈറ്റിൽ ലഭിക്കും.


മാനേജ്മെന്റ് / കമ്യൂണിറ്റി വിഭാഗത്തിന് സംവരണം ചെയ്ത സീറ്റുകളിലേക്ക് അപേക്ഷിക്കുന്നവർ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിക്കുകയും അപേക്ഷ നമ്പർ പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ അപേക്ഷ സമർപ്പിക്കുന്ന സമയത്ത് നൽകേണ്ടതുമാണ്. ലക്ഷദ്വീപിൽ നിന്നുള്ള അപേക്ഷകർക്കായി ഓരോ കോളേജിലും സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. ലക്ഷദ്വീപ് നിവാസികളായ അപേക്ഷകരും ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിക്കുകയും അപേക്ഷ നമ്പർ പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ അപേക്ഷ സമർപ്പിക്കുന്ന സമയത്ത് നൽകുകയും വേണം.

ഏകജാലകത്തിലൂടെ അപേക്ഷിക്കാത്തവർക്ക് മാനേജ്മെന്റ്, കമ്മ്യൂണിറ്റി ക്വാട്ടകളിലേക്ക് അപേക്ഷിക്കാൻ സാധിക്കില്ല.
ഭിന്നശേഷിക്കാർ/സ്പോർട്സ്/ കൾച്ചറൽ ക്വാട്ട വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർ എന്നിവർക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലെ പ്രവേശനത്തിനും ഓൺലൈനായി അപേക്ഷിക്കണം. പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് സർവകലാശാല പ്രസിദ്ധീകരിക്കുന്നതും രേഖകളുടെ പരിശോധന സർവകലാശാല കേന്ദ്രീകൃതമായി നടത്തുന്നതുമായിരിക്കും

Leave a Reply

Your email address will not be published. Required fields are marked *