ഏപ്രില്‍ ഫൂളിന്റെ കഥ

ഏപ്രില്‍ ഫൂളില്‍ പറ്റിക്കുകയോ, പറ്റിക്കപ്പെടാത്തവരോ ചുരുക്കം. എന്നാല്‍, ഏപ്രില്‍ ഫൂള്‍ അത്ര ചെറിയ സംഭവം ഒന്നുമല്ല. 1392 ല്‍ പുറത്തിറക്കിയ ജെഫ്രി ചോസറുടെ പ്രശസ്തമായ കാന്റംബററി കഥകള്‍ (1387-1400) തൊട്ട് ഏപ്രില്‍ ഫൂള്‍ എന്നത് ലോകത്തിനു പരിചിതമാണ്. 1508 മുതലാണ് ഫ്രാന്‍സില്‍ ഏപ്രില്‍ ഫൂള്‍ പ്രചാരത്തില്‍ വരുന്നത്. കുറച്ചുകൂടി വിശ്വസനീമായ ഒരു ഏപ്രില്‍ ഫൂള്‍ ചരിത്രവും ഫ്രാന്‍സിന് അവകാശപ്പെട്ടതാണ്. നെതര്‍ലന്‍ഡില്‍ കഥ തുടങ്ങുന്നത് 1572 ല്‍ നടന്ന ഡെച്ച് വിക്ടറിയുമായി ബന്ധപ്പെട്ടാണ്. എന്നിരുന്നാലും ലോകത്ത് ഒരു രാജ്യത്തും പ്രത്യേക അവധിയോ, നിയമങ്ങളോ ഒന്നും എപ്രില്‍ ഫൂളിനായി മാറ്റിവെച്ചിട്ടില്ല എന്നതാണ് സത്യം. ഉക്രൈയിനിലെ ഒഡീസ എന്ന സിറ്റിയില്‍ ഏപ്രില്‍ ഒന്നിനു പ്രാദേശിക അവധി നല്‍കുന്നു എന്നത് മാത്രമാണ് ഇതിന് ഒരു അപവാദം.

കൃത്യമായ ഒരു ചരിത്രബന്ധമോ, കാരണമോ കണ്ടെത്താന്‍ കഴിയില്ല എങ്കിലും ബഹുജന മാധ്യമങ്ങളുടെ കടന്നുവരവോടെ ഏപ്രില്‍ ഫൂള്‍ എന്നത് ഏവര്‍ക്കും പരിചിതമാക്കി എന്നതാണു പിന്നീടുണ്ടായത്. ഏപ്രില്‍ ഒന്നിനു ഇംഗ്ലണ്ടില്‍ പൊതുവെ ആളുകളെ പറ്റിക്കുന്നത് പതിവാണെങ്കിലും ഉച്ചയ്ക്കു ശേഷം പറ്റിക്കുന്നവരെ ‘സ്വയം ഫൂള്‍’ എന്ന നിലയിലാണ് കണക്കാക്കുന്നത്. സ്‌കോട്ടലാന്‍ഡില്‍ ഏപ്രില്‍ ഒന്നാം തിയതി ‘ഹണ്ടി-ഗോക്ക് ഡേ’ അഥവാ വിഡ്ഢികളെ കണ്ടെത്തുന്ന ദിനം എന്നാണ് അറിയപ്പെടുന്നത്. അയര്‍ലന്‍ഡിന്‍ പ്രസ്തുത ദിവസം ആളുകളെ കത്തെഴുതി പറ്റിക്കുന്ന പതിവുണ്ട്.

ഇനി ഫ്രാന്‍സിലെ കഥ

സംഭവം ഇങ്ങനെ ഒക്കെ ആണെങ്കിലും ഇനി ഫ്രാന്‍സിലെ കഥയിലേക്ക് പോകാം. 1582 കാലഘട്ടത്തില്‍ ഫ്രാന്‍സില്‍ നടന്ന ഒരു വ്യത്യസ്ത കലണ്ടര്‍ പരിഷ്‌കരണമാണ് ഇന്നത്തെ ഏപ്രില്‍ ഫൂളില്‍ കലാശിച്ചത് എന്നാണ് അത്. ആ കാലത്ത് അതായത് 45 B.C.യില്‍ ഫ്രാന്‍സ് അടക്കി ഭരിച്ചിരുന്ന ജൂലിയസ് സീസര്‍ കൊണ്ടുവന്ന ജൂലിയന്‍ കലണ്ടറാണ് അതുവരെ എല്ലവന്മാരും പിന്തുടര്‍ന്ന് പോന്നത്. പക്ഷെ 1582ല്‍ അന്നത്ത മാര്‍പ്പാപ്പ പോപ് ഗ്രിഗറി XIIIപഴയ കലണ്ടര്‍ ഒന്ന് പരിഷ്‌കരിച്ചു. എന്നിട്ട് ഒരു പേരും ആ കലണ്ടറിനു കൊടുത്തു, ഗ്രിഗോറിയന്‍ കലണ്ടര്‍…പക്ഷെ ഈ പുതിയ കലണ്ടര്‍ വന്നപ്പോള്‍ വര്‍ഷത്തിന്റെ തുടക്കം ഏപ്രില്‍ നിന്നും ജനുവരിയിലേക്ക് മാറി. അതുവരെ ഏപ്രില്‍ 1ന് തുടങ്ങിയിരുന്ന പുതുവര്‍ഷം ആ കലണ്ടര്‍ വന്ന ശേഷം ജനുവരി ഒന്നിലേക്ക് മാറ്റി, അല്ല മാറി..!

അന്നത്തെ കാലത്ത് ഈ ടിവി റേഡിയോ മൊബൈല്‍ ഒന്നും ഇല്ലാത്തതുകൊണ്ട് തന്നെ ഈ പുതിയ കലണ്ടര്‍ നിലവില്‍ വന്നതും പുതുവത്സരം മാറ്റിയത് ഒന്നും ലോകം അറിഞ്ഞില്ല. മൊത്തം ലോകം അറിഞ്ഞു വന്നപ്പോള്‍ കുറച്ചു വര്‍ഷങ്ങള്‍ എടുക്കുകയും ചെയ്തു… അങ്ങനെ ആ കാലത്ത് കുറെപേര്‍ ജനുവരി 1നും വേറെ ചിലര്‍ ഏപ്രില്‍ 1നും പുതുവത്സരം ആഘോഷിച്ചു. പുതിയ കലണ്ടര്‍ നിലവില്‍ വന്ന ശേഷവും ഏപ്രില്‍ 1ന് പുതുവത്സരം ആഘോഷിച്ച അവരെ ലോകം ”മണ്ടന്മാര്‍” എന്ന് വിളിക്കാന്‍ തുടങ്ങി. അങ്ങനെ ഏപ്രില്‍ 1 ഈ വിഡ്ഢികളുടെ ദിനമായി ലോകവും ആഘോഷിക്കാന്‍ തുടങ്ങി…!

തയ്യാറാക്കിയത്, സമീര്‍ അലിമുഹമ്മദ്, എഫ്ബി ഗ്രൂപ്പ് ‘ചരിത്രാന്വേഷികള്‍’

Leave a Reply

Your email address will not be published. Required fields are marked *

English Malayalam