ഓര്‍മകളിലെ ‘ഹൈസ്‌കൂള്‍ കാലം’

ചിരിച്ചു കൊണ്ടു ശാസിക്കുന്ന, നമ്മുടെ വിജയങ്ങളില്‍ മനസറിഞ്ഞു പങ്കുചേരുന്ന, എത്ര വര്‍ഷം കഴിഞ്ഞാലും നമ്മളെ പേരെടുത്തു വിളിക്കുന്ന ഒരു അദ്ധ്യാപികയെങ്കിലും ഉണ്ടാകും നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തില്‍. 2002 കാലഘട്ടത്തില്‍ തൃപ്പൂണിത്തുറ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പഠിച്ചു പോയ ഒരു പത്താം ക്ലാസുകാരിയുടെ നല്ല കുറെ ഓര്‍മകള്‍ പങ്കുവെയ്ക്കുകയാണ് ഇവിടെ… ആ ഹൈസ്‌കൂള്‍കാരിയുടെ ആര്‍ഭാടമില്ലാത്ത കഥകളും സ്‌നേഹം നിറഞ്ഞ കുറച്ചു അദ്ധ്യാപകരും ഇവിടെ ഈ വരികളിലൂടെ കടന്നു പോകുന്നു… വായിക്കാം… എഴുതിയത്: ശ്യാമ കൊട്ടാരത്തില്‍

സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, തൃപ്പൂണിത്തുറ

പൂര്‍ണ്ണത്രയീശന്റെ രാജധാനിയായ തൃപ്പൂണിത്തുറയാണ് എന്റെ നാട്. അത്തച്ചമയം കൊണ്ട് ലോക പ്രശസ്തിയാര്‍ജ്ജിച്ച ഞങ്ങളുടെ നാട്ടില്‍ തന്നെയാണ് കലാക്ഷേത്രമായ RLV സ്ഥിതി ചെയ്യുന്നതും… നിരവധി ലോക പ്രശസ്തര്‍ക്ക് ജന്‍മം നല്‍കിയും വിദ്യ പകര്‍ന്നു കൊടുത്തും ആതിഥേയത്വം നല്‍കിയും തൃപ്പൂണിത്തുറ, കലാസാംസ്‌കാരിക രംഗത്ത് സ്വന്തം മുദ്ര പതിപ്പിച്ചു. അമ്പലങ്ങള്‍ പോലെ തന്നെ വിദ്യാലയങ്ങള്‍കൊണ്ടും സമ്പുഷ്ടമാണ്
തൃപ്പൂണിത്തുറ. ലാന്‍ഡ്മാര്‍ക്ക് പറയാന്‍ ഞങ്ങള്‍ തൃപ്പൂണിത്തുറകാര്‍ക്ക് എളുപ്പമാണ്. ഏത് ഭാഗമായാലും ഒരു അമ്പലമോ പള്ളിയോ കൂടെ ഒരു സ്‌ക്കൂളോ കോളേജോ, ഞങ്ങള്‍ക്കുണ്ട്. തൃപ്പൂണിത്തുറയുടെ വിദ്യാലയങ്ങളില്‍ പഴമയും പാരമ്പര്യവും പൈതൃകവും അവകാശപ്പെടാന്‍ കഴിയുന്ന സര്‍ക്കാര്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് ഞാന്‍ ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. നാലു ഭാഗത്തായി ഓടുമേഞ്ഞ വലിയ വരാന്തയോടു കൂടിയ പഴയ ക്ലാസ് കെട്ടിടങ്ങളും അവയുടെ നടുക്കായി സ്റ്റേജും അസംബ്ലി ഗ്രൗണ്ടും, ഗ്രൗണ്ടില്‍ തന്നെ പടിഞ്ഞാറെ അരിക് പറ്റി ഒറ്റപ്പെട്ടു നില്‍ക്കുന്ന ഐലന്റ് കാസ്സ്. അതായിരുന്നു ഹൈസ്‌കൂള്‍ ക്ലാസുകള്‍ നടന്നിരുന്ന സ്ഥലം. കെട്ടിടത്തിന് പുറത്തായി പടിഞ്ഞാറ് ഭാഗത്ത് വലിയ ഗ്രൗണ്ട്. അതിന്റെ അറ്റത്ത് പടിഞ്ഞാറെ ഗേയ്റ്റിനോട് ചേര്‍ന്ന് നഴ്‌സറി. ഹൈസ്‌ക്കൂളിന്റെ വടക്കുവശത്തായി ചെറിയ ഗ്രൗണ്ടും അതിന്റെ വശങ്ങളിലായി UP, LP വിഭാഗങ്ങളും ക്ലാസ്സുകളും… ഏതു സമയവും ഇടിഞ്ഞു വീഴാവുന്ന (ഇതുവരെ വീണിട്ടില്ല…) മാളികപ്പുറവെന്ന ഇരുനില കെട്ടിടവും ആയിരുന്നു അന്നത്തെ സ്‌ക്കൂള്‍.
മാളികപ്പുറം പീന്നിട് അറ്റകുറ്റ പണികള്‍ തീര്‍ത്ത് ഹയര്‍സെക്കന്‍ഡറി വിഭാഗം കൂടി കൂട്ടിച്ചേര്‍ക്കുകയുണ്ടായി. ഇപ്പോള്‍ LP – UP സെക്ഷനുകളുടെ ഇടയില്‍ HSS ന്റെ പുതിയ കെട്ടിടം വന്നതോടെ മാളികപ്പുറം വീണ്ടും അടച്ചു. അങ്ങനെ ഞങ്ങളുടെ സ്വന്തം G.G.H.S. എന്നത് 2004 ല്‍ G.G.H.S.S.ആവുകയും സെക്കണ്ടറിയില്‍ ആണ്‍കുട്ടികള്‍ക്ക് കൂടി പഠിക്കാനുള്ള തരത്തില്‍ ആക്കുകയും ചെയ്തു.

ഒരു ഗവ: സ്‌ക്കൂളിന്റെ എല്ലാ പരിമിതികളും അവശതകളും ഞങ്ങളുടെ സ്‌ക്കൂളും നേരിട്ടിരുന്നു. എല്ലാവരും ചേര്‍ന്ന് കൂപ്പണ്‍ വിറ്റും, പിരിവ് നടത്തിയും ഒത്തിരി സുമനസ്സുകളുടെ സഹായത്തോടെയും സ്‌ക്കൂളിന് സ്വന്തമായി ഒരു ബസ്സ് വാങ്ങിയത് (അധികം കഴിയാതെ അത് കട്ടപുറത്ത് കേറി, എന്നാലും)
അന്നത്തെ 10-എ ബാച്ചുകാരായ ഞങ്ങളുടെ ഓര്‍മയില്‍ നിറമുള്ള ഒരേടാണ്. ഈവനിംഗ് ക്ലാസ് തുടങ്ങിയ ആദ്യ പത്താം ക്ലാസ്സ് ബാച്ചും ഞങ്ങളായിരുന്നു (ഇതൊക്കെ ഉണ്ടായിട്ടും ടീച്ചേഴ്‌സ് യൂണിയന്‍ സമരം കാരണം SSLC എഴുതാനുള്ള ഭാഗ്യം ഞങ്ങള്‍ക്ക് ലഭിച്ചത് മാര്‍ച്ചും കഴിഞ്ഞു ഏപ്രിലിലാണെന്നു മാത്രം. അങ്ങനെ ഒരു പ്രത്യേകതയും ഞങ്ങള്‍ക്ക് ഉണ്ട്). വൈകുന്നേരം സ്‌പെഷ്യല്‍ ക്ലാസ്സ് തുടങ്ങുന്നതിന് മുമ്പ് ഞങ്ങള്‍ക്ക് തരാറുള്ള കാപ്പിയും ബ്രഡും മുടങ്ങാതെ ഇരിക്കാന്‍ ടീച്ചേഴ്‌സും പിടിഎകാരും രക്ഷിതാക്കളും ശരിക്കും കഷ്ടപ്പെട്ടിട്ടുണ്ട്. പക്ഷേ എത്ര ബുദ്ധിമുട്ട് സഹിച്ചും വൈകിട്ട് 4 മണിക്ക് തന്നെ അവര്‍ ഞങ്ങള്‍ക്ക് അത് സസന്തോഷം വിതരണം ചെയ്യുമായിരുന്നു. (പ്രായത്തിന്റെ പക്വതയില്ലായ്മയില്‍ അവരുടെ കഷ്ടപ്പാടിന്റെ ഫലമായി കിട്ടിയ ആ വിഭവങ്ങളെക്കാള്‍ ഞങ്ങളെ സന്തോഷിപ്പിച്ചിരുന്നത്, ബ്രഡ് എടുക്കാനായി അടുത്ത ബേക്കറിയിലേക്കുള്ള പോക്കായിരുന്നു). ഐലന്റു ക്ലാസ്സിന്റെ അവകാശികളായതുകൊണ്ടും, അത് സ്റ്റേജിന്റെ മുന്‍പില്‍ ഗ്രൗണ്ടില്‍ തന്നെയായിരുന്നതുകൊണ്ടും സ്‌ക്കൂളിലെ എല്ലാ പരിപാടികളുടെയും സ്ഥിരം കാണികള്‍ ഞങ്ങളായിരുന്നു. മറ്റു കുട്ടികള്‍ ഗ്രൗണ്ടില്‍ സ്വന്തം ക്ലാസ്സുകളില്‍ നിന്ന് കഷ്ടപ്പെട്ട് ബെഞ്ചെടുത്തു കൊണ്ടുവന്നിട്ട് പരിപാടി കാണുമ്പോള്‍ ഞങ്ങള്‍ സ്വന്തം ക്ലാസ്സിന്റെ വരാന്തയിലും പടിക്കെട്ടിലും ( ചിലര്‍ ക്ലാസ്സില്‍ തന്നെയും ) ഇരുന്ന് പരിപാടികള്‍ കണ്ടു. കൈയടിച്ചു പ്രോത്സാഹിപ്പിച്ചും ഉറക്കെ ചിരിച്ചും വര്‍ത്തമാനം പറഞ്ഞും (അതില്‍ കന്മന്റ്‌സും ഉള്‍പ്പെടും) യാതൊരു താല്‍പര്യവും കാണിക്കാതെ അവതാരകയെ / അവതാരകരെ നിരുത്സാഹപ്പെടുത്തിയും ഞങ്ങള്‍ നല്ല പ്രേക്ഷരായി. വിരളമെങ്കിലും കൂവല്‍ വിഭാഗത്തില്‍ പെടുന്ന ചില ചെറു ശബ്ദങ്ങളും ഞങ്ങള്‍ക്കിടയില്‍നിന്ന് പുറത്ത് വരുമായിരുന്നു.

പ്രേക്ഷകരായി മാത്രം ഞങ്ങള്‍ ഒത്തുങ്ങിയിരുന്നില്ല. സ്‌ക്കൂള്‍ യുവജനോത്സവത്തിന് നാടോടി നൃത്ത വിഭാഗത്തില്‍ ഒരേ പാട്ടു തന്നെ ആറുപേര്‍ ആവര്‍ത്തിച്ച് കളിച്ചപ്പോള്‍ അതെ പാട്ടിനെത്തു കളിക്കേണ്ട ഏഴാമത്തെ കുട്ടിയുടെ പ്രസ്തുത പാട്ട് സാങ്കേതിക തകരാര്‍മൂലം നിന്നുപോയ അവസ്ഥയില്‍, സാഹചര്യത്തിനൊത്ത് ഉണര്‍ന്ന് യാതൊരു മടിയും കൂടാതെ (മടി, നാണം, പേടി തുടങ്ങിയ ഇത്യാദി ഐറ്റംസ് അന്ന് ഞങ്ങള്‍ക്ക് ഇത്തിരി കുറവായിരുന്നു), ഞങ്ങ ആ പാട്ടിന്റെ ബാക്കി ഭാഗം പാടി കൊടുത്തു ഞങ്ങള്‍ പക്കമേളക്കാരുമായി (അല്ലങ്കിലും ഞങ്ങള്‍ തൃപ്പൂണിത്തുറക്കാര്‍ അങ്ങനെയാ, ഒരു കലയും ഇടയ്ക്ക് വച്ച് മുറിയാന്‍ സമ്മതീക്കൂല്ലാ… ഞങ്ങള്‍ 10-A ബാച്ചുകാര്‍ എപ്പോഴും എന്തിനും ഏതിനും മുന്‍പന്തിയില്‍ തന്നെയായിരുന്നു. ഒപ്പം മറ്റുള്ളവരില്‍നിന്ന് അല്‍പ്പം വ്യത്യസ്തരും. അതിനാല്‍ തന്നെ മറ്റു ക്ലാസ്സുകാര്‍ കുശുമ്പ്, അസൂയ, സ്‌നേഹം, ആരാധന എന്നിങ്ങനെ വിവിധ ഭാവങ്ങളില്‍ ഞങ്ങളോടുള്ള മതിപ്പ് പ്രകടിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ശ്രദ്ധിക്കാന്‍ സമയമില്ലാത്തതിനാല്‍ ഞങ്ങള്‍ അതൊന്നും കണ്ടതായി നടിച്ചില്ല… (പ്രത്യേകിച്ച് പണിയൊന്നുമില്ലെങ്കിലും ഞങ്ങള്‍ എപ്പോഴും ബിസിയായിരുന്നു). 10-A എന്നാല്‍ ലോക മഹാസംഭവമാണെന്ന് സ്വയം സൃഷ്ടിച്ചെടുത്ത അംഗീകാരത്തിനുള്ളില്‍ ഞങ്ങള്‍ സസന്തോഷം വാണു. അങ്ങനെ അല്ല എന്ന് ബോധ്യപ്പെടുത്താന്‍ ആരും അന്ന് ശ്രമിച്ചതും ഇല്ല, ഞങ്ങള്‍ അതിന് അവസരം കൊടുത്തിട്ടുമില്ല. എന്തിനും എപ്പോഴും ”10-A iട the best” എന്ന് മറ്റുള്ളവര്‍ക്ക് തെളിയിച്ചു കൊടുക്കാന്‍ ഞങ്ങളൊരോരുത്തരും പ്രത്യേകം ശ്രദ്ധിച്ചു. ഗ്രൂപ്പിസത്തിന്റെ കാര്യത്തില്‍ ഞങ്ങള്‍ കേരളാ കോണ്‍ഗ്രസിനെ വെല്ലുമെങ്കിലും ആര് ഏത് ഗ്രൂപ്പെന്ന് അവനവനുതന്നെ ബോധ്യമില്ലാതിരുന്നത് കൊണ്ട് ഞങ്ങള്‍ 10A എന്ന ഒറ്റ ഗ്രൂപ്പിന്റെ മെമ്പേഴ്‌സായി.

ഞങ്ങള്‍ ഇങ്ങനെ കൊടികുത്തി വാഴാന്‍ കാരണം ഒരാളായിരുന്നു. 8A, 9A, 10A – മൂന്ന് വര്‍ഷം ക്ലാസ്സ് ടീച്ചറായി, കൂട്ടുകാരിയായി, അമ്മയായി ഞങ്ങള്‍ക്ക് ഒപ്പം നിന്ന ഞങ്ങളുടെ എല്ലാമായ ജെസ്സി ടീച്ചര്‍. പെണ്‍ക്കുട്ടികള്‍ ( ഞങ്ങള്‍ക്ക് ആ വിചാരം ഇല്ലെങ്കിലും) അതും കൗമാരത്തിലേക്ക് കടക്കുന്നവര്‍, ഏതു നിമിഷവും കാലിടറാവുന്ന പ്രായത്തിലുള്ള ഞങ്ങളെ കൈയ്ക്കുള്ളില്‍ കരുതിയും എന്നാല്‍ സര്‍വ്വ സ്വാതന്ത്രം തന്നും ടീച്ചര്‍ വളര്‍ത്തി. ഞങ്ങളുടെ കുസൃതികളെല്ലാം ആസ്വദിച്ചിരുന്ന ടീച്ചര്‍ ചിരിച്ച് കൊണ്ട് ഞങ്ങളെ ശാസിക്കുമായിരുന്നു. ഞങ്ങളുടെ ഓരോ വിജയവും ഞങ്ങളെക്കാള്‍ ടീച്ചര്‍ ആഘോഷമാക്കി. എന്തിനും ഏതിനും ഞങ്ങളില്‍ ഒരാളായി ടീച്ചര്‍ ഒപ്പം നിന്നു. ഇന്ന് 18 വര്‍ഷങ്ങള്‍ക്കിപ്പുറവും ഞങ്ങളെ ഓരോരുത്തരെയും
ടീച്ചര്‍ പേരെടുത്തു വിളിക്കുന്നു. വീട്ടില്‍ ചെല്ലണമെന്ന് നിര്‍ബന്ധം പിടിക്കുന്നു. ചെല്ലുന്ന ദിവസം ഒത്തിരി വിഭവങ്ങളൊരുക്കി കാത്തിരിക്കുന്നു. നിര്‍ബന്ധിപ്പിച്ച് കഴിപ്പിക്കുന്നു. ആ ഗെറ്റ് ടുഗതറില്‍ എത്താന്‍ കഴിയാത്ത മക്കളോട് സ്‌നേഹത്തോടെ പരിഭവിക്കുകയും, കഴിയും വേഗം വരണമെന്ന് വാശി
പിടിച്ച് അവര്‍ക്ക് വേണ്ടി കാത്തിരിക്കുന്നു. 3 ആണ്‍മക്കള്‍ക്കൊപ്പം 30 പെണ്‍മക്കളെ കിട്ടിയതില്‍ ഇത്ര സന്തോഷിക്കുന്ന ഒരമ്മ ഉണ്ടാകുമോ.. സംശയം തന്നെയാണ്.

ഒരു സ്ത്രീ എത്ര ബോള്‍ഡ് ആകണമെന്ന് ഞങ്ങള്‍ക്ക്, ഒരു പക്ഷേ ആദ്യത്തെ തന്നെ, മാത്യകയായത് ഫിലോമിന ടീച്ചറാണ്. ഒരു മാക്‌സ് ടീച്ചറിന്റെ ഗൗരവത്തിനൊപ്പം വഴികാട്ടിയുടെ കരുതലും ടീച്ചര്‍ ഞങ്ങള്‍ക്ക് തന്നു. ബോര്‍ഡില്‍ കണക്ക് പ്രോബ്ലം സോള്‍വ് ചെയ്തു കാണിച്ച ശേഷം വല്ലതും മനസ്സിലായാ പോത്തുകളെ…. എവിടെ… എന്ന് ചോദിച്ച് കണ്ണ് ഇറുക്കി ടീച്ചര്‍ ചിരിക്കുമായിരുന്നു ( ചെറിയ കണ്ണുകളാണ് ടീച്ചര്‍ക്ക്. ടീച്ചര്‍ ചിരിക്കുമ്പോള്‍ കണ്ണുകള്‍ തിളങ്ങും). സേവന ദിനങ്ങളില്‍ ഗ്രൗണ്ട് വൃത്തിയാക്കാനും വിയര്‍പ്പിന്റെ അസുഖമുള്ള ഞങ്ങളെ കൊണ്ട് പണിയെടുപ്പിക്കാനും ടീച്ചര്‍ മുന്നിലുണ്ടായിരുന്നു.(സ്‌ക്കൂളിലെ മഹാ സംഭവങ്ങളായ ഞങ്ങളെ സ്വന്തം ക്ലാസ്സുകാരായി കിട്ടാത്തതില്‍ ടീച്ചര്‍ക്ക് ഒരു കുഞ്ഞ് സങ്കടമുണ്ടായിരുന്നു).

ശിക്ഷാവിധികളും ഉപദേശമഹാമഹവും ഇല്ലാതെ ഒരു അദ്ധ്യാപകന് കുട്ടികളെ നേര്‍വഴിക്ക് നടത്താന്‍ കഴിയുമോ…

യാതൊരുവിധ പാരമ്പര്യ ശിക്ഷാവിധികളും ഉപദേശമഹാമഹവും ഇല്ലാതെ ഒരു അദ്ധ്യാപകന് കുട്ടികളെ നേര്‍വഴിക്ക് നടത്താന്‍ കഴിയുമോ? 100% കഴിയുമെന്നാണ് എന്റെ അനുഭവപാഠം. മലയാളമെന്ന വിഷയം എടുക്കാനാണ് രവീന്ദ്രന്‍ സാര്‍ ഞങ്ങളെ തേടിയെത്തിയത്. പക്ഷേ മലയാളം മാത്രമല്ല ജീവിതം തന്നെ മധുരമാക്കാന്‍ സാര്‍ ഞങ്ങളെ പഠിപ്പിച്ചു. അത്രയും സ്‌നേഹനിധിയായ സാറിനെ ഒറ്റ ദിവസം കൊണ്ട് അറിഞ്ഞാല്‍ ഞങ്ങള്‍ക്ക് സഹിക്കുമോ? രാവിലെ സ്‌ക്കൂളിലെത്തിയ സാറിന് കിട്ടിയത് ഒരു ട്രാന്‍സ്ഫര്‍ ഓര്‍ഡറാണ്. പിറ്റേന്ന് തന്നെ മറ്റൊരു സ്‌ക്കൂളില്‍ ജോയിന്‍ ചെയ്യണമെന്ന്. വാര്‍ത്ത സ്‌കൂളില്‍ കാട്ടുതീ പോലെ പടര്‍ന്നു. കുട്ടികള്‍ കരച്ചിലായി. ടീച്ചര്‍മാര്‍ സാറിന് വേണ്ടി വാദിച്ചു. സാര്‍ അപേക്ഷിച്ചും തര്‍ക്കിച്ചും തീരുമാനം മാറ്റാനുള്ള വഴികള്‍ നോക്കി. അന്ന് മലയാളം സെക്കന്റ് പേപ്പര്‍ എടുക്കാന്‍ 10-Aയില്‍ എത്തിയ സാറിനെ വരവേറ്റത് പൊട്ടികരച്ചിലുകളാണ്. ആരെ സമാധാനിപ്പിക്കണം എന്തു പറയണമെന്ന് അറിയാതെ നിന്നു പോയി സാര്‍. ഞങ്ങളുടെ കരച്ചിലിന്റെയും പറച്ചിലിന്റെയും ബഹളം കേട്ട് 8ല്‍ ക്ലാസെടുത്തിരുന്ന ഫിലോമിന ടീച്ചറും സ്റ്റാഫ് റൂമില്‍നിന്നും ജെസ്സി ടീച്ചറും ഓടിയെത്തി.

ശകാരിച്ചും സ്‌നേഹിച്ചും ഞങ്ങളെ സമാധാനിപ്പിച്ച് ഇരുത്തുമ്പോഴേക്കും അവരും കരച്ചിലിന്റെ വക്കിലെത്തിയിരുന്നു. അന്ന് അവസാന പിരീഡ് കഴിയും മുന്‍പ് സാര്‍ വീണ്ടും ക്ലാസ്സില്‍ വന്നു. പിറ്റേന്ന് A.E.O. ഓഫീസില്‍ ചെല്ലാന്‍ പറഞ്ഞിട്ടുണ്ടെന്നും എല്ലാം ശരിയാകുമെന്നും പറഞ്ഞു സാര്‍ ഞങ്ങളെ സമാധാനിപ്പിച്ചു. പിറ്റേന്ന് രണ്ടാം പിരീഡ് മാക്‌സ് ആയിരുന്നു. സാര്‍ ഇതുവരെ വന്നില്ല. ക്ലാസെടുക്കുന്ന ടീച്ചര്‍ക്കും ക്ലാസിലിരിക്കുന്ന കുട്ടികള്‍ക്കും ഒരേ മാനസികാവസ്ഥ. പെട്ടെന്ന് ടീച്ചര്‍ ഓടി പുറത്തിറങ്ങി. ഞങ്ങള്‍ നോക്കുമ്പോള്‍ രവീന്ദ്രന്‍ സാര്‍ ഓടി വരുന്നു. സാര്‍ ഐലന്റിന്റെ വരാന്തയില്‍ എത്താനുള്ള ക്ഷമയൊന്നും ഞങ്ങള്‍ക്കും ടീച്ചര്‍ക്കും ഇല്ലായിരുന്നു.

ടീച്ചര്‍ വിളിച്ചു ചോദിച്ചു, എന്തായി…?. ഓടിക്കയറി വന്ന സാര്‍ ഞങ്ങളെയും ടീച്ചറേയും സന്തോഷത്തിന്റെ കൊടുമുടിയില്‍ എത്തിച്ചു. സാറിന്റെ ട്രാന്‍സ്ഫര്‍ അടുത്ത വര്‍ഷത്തേക്ക് നീട്ടി കിട്ടിയിരിക്കുന്നു. പിന്നെ അവിടെ നടന്നത് നടപ്പുര മേളമായിരുന്നു (ഞങ്ങള്‍ക്ക് വലിയമ്പലത്തിലെ നടപ്പുരമേളത്തെക്കാള്‍ ആവേശം പകരുന്ന മറ്റൊന്നും ഈ ഭൂമിയിലില്ല). A.E. O. ഓഫീസില്‍നിന്ന് വന്ന സാര്‍ സ്‌ക്കൂള്‍ ഓഫീസിലും സ്റ്റാഫ് റൂമിലും പോകാതെ ആദ്യം ഓടിയെത്തിയതും വാര്‍ത്ത പങ്കുവച്ചതും ഞങ്ങളോടായിരുന്നു. അങ്ങനെ ആ ക്രെഡിറ്റും 10-Aക്ക് സ്വന്തം. കഴിഞ്ഞ വര്‍ഷം തമിഴ്‌നാട്ടില്‍ ഭഗവാന്‍ സാറിനെ കുട്ടികള്‍ കരഞ്ഞു വിളിച്ച് സ്‌ക്കൂളില്‍ തിരികെയെത്തിച്ചപ്പോള്‍ ഞങ്ങള്‍ക്ക് തെല്ലും അദ്ഭുതം തോന്നിയില്ല. അതങ്ങനെയാ… ഹൃദയം കൊണ്ട് പഠിപ്പിക്കുന്ന സാറുമാരെ കിട്ടിയാ… അതെങ്ങനെ വിട്ടുകളയാന്‍ പറ്റുമോ ഞങ്ങള്‍ക്ക്…. ഞങ്ങള്‍ക്ക് പറയാന്‍ ആര്‍ഭാടം നിറഞ്ഞ കഥകളില്ല. പക്ഷേ സ്‌നേഹം നിറഞ്ഞ കുറച്ച് അദ്ധ്യാപകരുണ്ട്. ഞങ്ങള്‍ക്ക് സ്‌ക്കൂള്‍ രണ്ടാം വീടല്ല, വീടു തന്നെയായിരുന്നു. മാര്‍ക്കുകളുടെ അതിര്‍വരമ്പുകള്‍ കൊണ്ട് ഞങ്ങളെ വേര്‍തിരിക്കാതെ അവര്‍ ഞങ്ങളെ ഒരുമയുടെ പാഠം പഠിപ്പിച്ചു. ആ പാഠം ഇന്നു ഞങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കി കൊണ്ടിരിക്കുകയാണ്. ഒന്നു വിളിച്ചാല്‍ (മനസ്സുകൊണ്ടെങ്കിലും) ഓടിയെത്താന്‍ കഴിയുന്ന അകലത്തില്‍ ഞങ്ങള്‍ 10-Aകാര്‍ ഇന്നും ഒരുമിച്ച് തന്നെ മുന്നേറുകയാണ്… കൂട്ടുകാരായി…

എഴുതിയത്: ശ്യാമ കൊട്ടാരത്തില്‍

1 thought on “ഓര്‍മകളിലെ ‘ഹൈസ്‌കൂള്‍ കാലം’

  1. Wow.. pazhaya nammude 10 A yil ethya pole.. missing those days like anything… Iniem ezhuthu shyame…ormakulude varanthayilude onnukoode nadathiyathiyathinu orayiram nandi All the best

Leave a Reply

Your email address will not be published. Required fields are marked *

English Malayalam