കുട്ടികൾക്കായി എഡ്യുടൈൻമെന്റ് പഠനവിഭവങ്ങൾ സമഗ്ര പോർട്ടലിൽ

കോവിഡ് -19 ന്റെ പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ വിദ്യാർഥികളുടെ അവധിക്കാലം വീടുകളിൽ സൃഷ്ടിപരവും സർഗാത്മകവുമാക്കുന്നതിന് കൈറ്റ് എസ്.സി.ഇ.ആർ.ടി.യുമായി ചേർന്ന് ‘അവധിക്കാല സന്തോഷങ്ങൾ’ എന്ന പേരിൽ പ്രത്യേക സംവിധാനം ഒരുക്കി.

45 ലക്ഷം കുട്ടികൾ വീട്ടിലിരിക്കുന്ന സാഹചര്യത്തിൽ ഓൺലൈൻ സംവിധാനം വ്യാപകമായി പ്രയോജനപ്പെടുത്തണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശ പ്രകാരമാണ് നടപടി. ഹൈടെക് സ്‌കൂൾ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ ഓൺലൈൻ സംവിധാനമായ ‘സമഗ്ര’ പോർട്ടലിലാണ് അഞ്ച് മുതൽ ഒൻപത് വരെ സ്‌കൂളുകളിലെ കുട്ടികൾക്കായി ഡിജിറ്റൽ വിഭവങ്ങൾ ഒരുക്കിയത്.

വിവിധ കളികളിലൂടെയും പ്രവർത്തനങ്ങളിലൂടെയും കുട്ടികൾക്ക് നിശ്ചിത ശേഷികൾ ആർജിക്കാൻ കഴിയുന്ന പ്രത്യേക എഡ്യുടൈൻമെന്റ് രൂപത്തിലാണ് ഇവ തയാറാക്കിയിട്ടുള്ളത്.
സമഗ്ര പോർട്ടലിലെ എഡ്യുടൈൻമെന്റ് (Edutainment) എന്ന http://samagra.kite.kerala.gov.in ലിങ്ക് വഴി പഠനവിഭവങ്ങൾ വിദ്യാർഥികൾക്ക് ഉപയോഗിക്കാം.

ക്ലാസ്, ടോപിക് ക്രമത്തിൽ തിരഞ്ഞെടുത്ത് ഓരോ വിഷയത്തിലെയും റിസോഴ്‌സുകളിലെത്താം. ഉപയോഗിച്ച ശേഷം അതിനോടനുബന്ധിച്ചുള്ള വർക്ക്ഷീറ്റുകളും ക്വിസുകളും കുട്ടികൾക്ക് ചെയ്യാം. വർക്ക്ഷീറ്റുകൾ ഇന്ററാക്ടീവ് ആയും ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാനാവും. ഇതിനു പുറമെ സമഗ്രയിലെ ഇ-റിസോഴ്സ്സ് (e-Reosurces) ലിങ്ക് വഴി ഒന്ന് മുതൽ 12 വരെ ക്ലാസ്സുകളിലേക്കുള്ള ഡിജിറ്റൽ വിഭവങ്ങളും ലഭിക്കും.

രക്ഷിതാക്കളുടെ മൊബൈൽ ഫോൺ വഴി സേവനം പ്രയോജനപ്പെടുത്താം. നിലവിൽ ഇത്തരം സൗകര്യങ്ങൾ ഇല്ലാത്ത കുട്ടികൾക്ക് ഹൈടെക് പദ്ധതിയുടെ ഭാഗമായി സ്‌കൂളുകളിൽ വിന്യസിച്ചിട്ടുള്ള 1.2 ലക്ഷം ലാപ്ടോപ്പുകൾ പ്രയോജനപ്പെടുത്തി ഇവ ലഭ്യമാക്കാൻ ലിറ്റിൽ കൈറ്റ്‌സ് ഐ.ടി ക്ലബുകൾ വഴി പിന്നീട് സംവിധാനം ഒരുക്കുമെന്ന് കൈറ്റ് സി.ഇ.ഒ. കെ. അൻവർസാദത്ത് അറിയിച്ചു.
കൈറ്റിലെ നൂറ്ററുപതോളം അധ്യാപകരും വിദ്യാഭ്യാസവിദഗദ്ധരും ചേർന്ന് വീടുകളിലിരുന്നാണ് വിഭവങ്ങൾ തയാറാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

English Malayalam