കുറഞ്ഞ വിലയില്‍ മാസ്ക്: കെ.എം.എം. കോളേജിലെ വിദ്യാര്‍ത്ഥികള്‍ മാതൃക
പരീക്ഷയില്ല, കോളേജ് അടച്ചു എന്നു കരുതി വെറുതെ ഇരിക്കാന്‍ തയ്യാറല്ല തൃക്കാക്കര കെ.എം.എം. കോളേജിലെ വിദ്യാര്‍ത്ഥികള്‍. കോവിഡ് കാലത്ത് ഏവര്‍ക്കും ഉപകാരപ്പെടുന്ന രീതിയില്‍ കുറഞ്ഞ വിലയില്‍ മാസ്കുകള്‍ നിര്‍മ്മിച്ചു വിതരണം ചെയ്യുക എന്നതാണ് അവരുടെ പുതിയ കര്‍മ്മ പദ്ധതി.
ഒറ്റതവണ ഉപയോഗിക്കാവുന്ന മാസ്കുകള്‍ക്ക് ഒരണ്ണത്തിനു അഞ്ചുരൂപയും, കഴുകി വീണ്ടും ഉപയോഗിക്കാവുന്ന തുണി മാസ്കുകള്‍ക്ക് 12 രൂപ മുതല്‍ 18 രൂപവരെയുമാണ് നിലവില്‍ വില നിശ്ചയിച്ചിരിക്കുന്നത്. തുണിമാസ്കുകള്ക്ക് ഉപയോഗിക്കുന്ന തുണിയുടെ ക്വാളിറ്റി അനുസരിച്ചു 15 മുതല്‍ 20 രൂപവരെ വരെ നിര്‍മ്മാണ ചിലവു വരും. ബള്‍ക്ക് ഓര്‍ഡറുകള്‍ വീട്ടില്‍ എത്തിച്ചുതരാനും ഇവിടത്തെ കുട്ടികള്‍ തയ്യാര്‍. ഓര്‍ഡറുകള്‍ ലഭിക്കുകയാണെങ്കില്‍ അതുവഴി ലഭിക്കുന്ന പണം ഉപയോഗിച്ചു കൂടുതല്‍ ആളുകളിലേക്ക് വിലക്കുറവില്‍ മാസ്കുകള്‍ എത്തിക്കാന്‍ കഴിയുമെന്നാണ് ഇവരുടെ പ്രതീക്ഷ.
മാസ്കുകള്‍ ഓര്‍ഡര്‍ ചെയ്യാന്‍ ഈ നമ്പരുകളില്‍ വിളിക്കാം: 9895545924, 9400390222, 9526735905
കെ.എം.എം. കോളേജ് ഫാഷന്‍ ഡിസൈനിംഗ് ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തിലാണ് മാസ്ക് നിര്‍മ്മാണം തുടങ്ങിയിരിക്കുന്നത്. പഠിക്കാനും പഠിപ്പിക്കാനും മാത്രമല്ല, തങ്ങള്‍ക്കു സാമൂഹിക സേവനവും വഴങ്ങും എന്നതാണ് ഇത്തരത്തില്‍ ഒരു സേവനം ഏറ്റെടുക്കുന്നതിലൂടെ അവിടത്തെ അദ്ധ്യാപകരും കുട്ടികളും സമൂഹത്തോട് വിളിച്ചു പറയുന്നത്. ഇത് ആദ്യമായല്ല കെ.എം.എം. കോളേജ് മാനേജ്മെന്റും അവിടത്തെ അദ്ധ്യാപകരും കുട്ടികളും ചേര്‍ന്നുള്ള സാമൂഹിക പ്രവര്‍ത്തനം.
രണ്ടുവര്‍ഷം മുമ്പുള്ള മഹാപ്രളയത്തില്‍ എറണാകുളം ജില്ലയില്‍ വെള്ളപ്പൊക്കം ഉണ്ടായ സമയത്ത് വീടുവിട്ടു ഓടിയെത്തിയ ജനങ്ങള്‍ക്കു കിടക്കാന്‍ ക്ലാസ് റൂമുകളും മറ്റു സൗകര്യങ്ങളും ഇവിടെ ഒരുക്കിയിരുന്നു. ജില്ലയില്‍ വെള്ളപ്പൊക്കം ഏറ്റവും കൂടുതല്‍ ദുരിതം വിതച്ച ചേന്ദമംഗലം, മുപ്പത്തടം, പടി. കടുങ്ങല്ലൂര്‍ ഭാഗത്തെ നിരവധി ജനങ്ങള്‍ക്കാണ് അന്ന് കെ.എം.എം. കോളേജ് അഭയകേന്ദ്രമായത്.