കൈയൊന്നു നീട്ടിയാല്‍ “കയ്യിലെത്തും സാനിറ്റൈസര്‍”
ഓട്ടോമാറ്റിക്ക് ഹാന്‍ഡ് സാനിട്ടൈസര്‍ ഡിസ്പെന്സര് നിര്‍മ്മിച്ചു പിറവം ബി.പി.സി. കോളേജ് എന്‍.സി.സി. യൂണിറ്റ്
പിറവം ബി.പി.സി. കോളേജ് എന്‍.സി.സി. യൂണിറ്റിന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ച ഓട്ടോമാറ്റിക്ക് ഹാന്‍ഡ് സാനിട്ടൈസര്‍ ഡിസ്പെന്സര് അധികൃതര്‍ക്ക് കൈമാറുന്നു
സാങ്കേതിക വിദ്യയുടെ സഹായത്തോടെ കോവിഡ് പ്രതിരോധമെന്ന ആശയത്തോട് ആവേശത്തോടെ പ്രതികരിക്കുകയാണ് പിറവം ബിപിസി കോളേജിലെ എന്‍സിസി യൂണിറ്റ്. പിറവം മുനിസിപ്പാലിറ്റി, പിറവം താലൂക്ക് ആശുപത്രി, പിറവം ബിപിസി കോളേജ് എന്നിവിടങ്ങളില്‍ ഓട്ടോമാറ്റിക്ക് ഹാന്‍ഡ് സാനിട്ടൈസര്‍ ഡിസ്പെന്സര് പിറവം ബിപിസി കോളേജ് എന്‍ സി സി യൂണിറ്റ് നിര്‍മ്മിച്ചു നല്കി. കൊറോണ പ്രതിരോധത്തിന് ഉപയോഗിക്കാവുന്ന തരത്തില്‍ സെന്‍സര്‍ ഉപയോഗിച്ചുകൊണ്ട് കൈകള്‍ കൊണ്ട് തൊടാതെ തന്നെ കൈ വെറുതെ ഒന്ന് നീട്ടിയാല്‍ കൈകളിലേക്ക് സാനിറ്റൈസര്‍ വീഴുന്ന രീതിയിലാണ് ഇതിന്റെ പ്രവര്‍ത്തനം.
സ്പര്‍ശനം പൂര്‍ണമായി ഒഴിവാക്കാന്‍ സാധിക്കുന്നു എന്നതാണ് ഈ സംവിധാനത്തിന്റെ നേട്ടം. ലളിതമായ രീതിയിലാണ് സാനിട്ടൈസര്‍ പ്രവര്‍ത്തിക്കുന്നത്. രണ്ടു ലിറ്റര്‍ സാനിട്ടൈസര്‍ ഈ മെഷീനില്‍ റീഫില്‍ ചെയ്യാം. സാങ്കേതിക വിദ്യയുടെ സഹായത്തോടു കൂടി സുരക്ഷിതമായ ഡിസ്പെന്സര് തയ്യാറാക്കിയ എന്‍സിസി കേഡറ്റുകളെ പിറവം മുനിസിപ്പല്‍ ചെയര്മാന് സാബു കെ ജേക്കബ് അഭിനന്ദിച്ചു.
ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് അരുണ്‍ കല്ലറക്കല്‍, സുനിത വിമല്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ജിന്‍സ് പെരിയപ്പുറം, കൗണ്‍സിലര്‍മാര്‍, പിറവം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ സുനില്‍ ജെ ഇളംതട്ട്, പിറവം ബിപിസി കോളേജിലെ പ്രിന്‍സിപ്പല്‍ ഡോക്ടര്‍ ടിജി സക്കറിയ, എന്‍സിസി ഓഫീസര്‍ ക്യാപ്റ്റന്‍ ഡോക്ടര്‍ സുഷന്‍ പി കെ, എന്‍സിസി കേഡറ്റുകള്‍ അമല്‍ രാജു, ജോബി ജോയി, അബിന്‍ ഷിബു എന്നിവര്‍ പങ്കെടുത്തു.
നേതൃത്വം നല്‍കിയത് എന്‍സിസി ഓഫീസര്‍ ക്യാപ്റ്റന്‍ ഡോക്ടര്‍ സുഷന്‍ പികെ
എന്‍സിസി ഓഫീസര്‍ ക്യാപ്റ്റന്‍ ഡോക്ടര്‍ സുഷന്‍ പികെയുടെ നേതൃത്വത്തില്‍ നിരവധി ആശയങ്ങളാണ് കോളേജിലെ എന്‍.സി.സി. യൂണിറ്റ് നടപ്പാക്കിയിരിക്കുന്നത്. കോവിഡ് കാലത്തും ആശയങ്ങള്‍ക്കും ആവേശങ്ങള്‍ക്കും ഒട്ടും കുറവു വന്നിട്ടില്ല എന്നത് ഇത്തരം ചില ക്രിയാത്മക ഇടപെടലുകളിലൂടെ ഉറപ്പാക്കുകയാണ് തങ്ങള്‍ ലക്ഷ്യംവെയ്ക്കുന്നത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എന്‍സിസി ഓഫീസര്‍ എന്ന നിലയില്‍ സുഷന്‍ പികെയക്കു നിരവധി അംഗീകാരങ്ങള്‍ ഇതിനകം ലഭിച്ചിട്ടുണ്ട്. എന്‍.സി.സി. ദേശീയ പുരസ്കാരമായ ‘ഡി.ജി. കമന്റേഷന്‍ കാര്‍ഡ്’ ഒന്നിലധികം തവണ അദ്ദേഹത്തെ തേടിയെത്തിയിരുന്നു.