കൊറോണയെ തുരത്താന്‍ ‘സാമൂഹ്യ ശരിദൂരം’

കൊറോണ വൈറസ് രോഗം മഹാമാരിയായി ലോകം കീഴടക്കുമ്പോള്‍ അതിനെ പ്രതിരോധിക്കാനുള്ള ഒരു പ്രധാന ആയുധമാണ് സാമൂഹ്യ ശരിദൂരം അഥവാ social distancing. സാമൂഹ്യ ശരിദൂരം എന്നത് സാമൂഹ്യ സമ്പര്‍ക്ക വിലക്ക് എന്ന രീതിയില്‍ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. സാമൂഹ്യ ശരിദൂരം എന്ന ആശയം നാം എല്ലാവരും മനസ്സിലാക്കേണ്ടതായുണ്ട്, അത് പാലിക്കപ്പെടേണ്ടതുണ്ട്.

 • എന്തിനാണ് സാമൂഹ്യ ശരിദൂരം പാലിക്കുന്നത് ?

കൊറോണ വൈറസ് രോഗം പെട്ടന്ന് പടരുന്ന രോഗമാണ്. ഒരു രോഗ ബാധിതനില്‍ നിന്ന് ശരാശരി മൂന്ന് പേര്‍ക്ക് രോഗപകര്‍ച്ച ഉണ്ടാകാം എന്നതാണ് കണക്കുകള്‍. നിപക്ക് ഇത് വെറും 0.5 മാത്രമാണ്. വൈറസിന്റെ പ്രത്യേകതകളോടൊപ്പം രോഗപ്പകര്‍ച്ചയും സാമൂഹ്യ വ്യാപനവും നിര്‍ണ്ണയിക്കുന്ന പ്രധാന ഘടകങ്ങള്‍ വേറെയുമുണ്ട്. അതില്‍ പ്രധാനം ആളുകള്‍ എത്രതവണ തമ്മില്‍ സമ്പര്‍ക്കം പുലര്‍ത്തുന്നു എന്നതും ഓരോ സമ്പര്‍ക്കവും എത്രനേരം നീണ്ടുനില്‍ക്കുന്നു എന്നതുമാണ്. സാമൂഹ്യ ശരിദൂരം കൃത്യമായി പാലിച്ചാല്‍ വൈറസിന്റെ വ്യാപനം തടയാനോ അല്ലെങ്കില്‍ താമസിപ്പിക്കാനോ സാധിക്കും.

 • ആരാണ് സാമൂഹ്യ ശരിദൂരം പാലിക്കേണ്ടത് ?

സമൂഹത്തിലെ എല്ലാ പൗരന്മാരും ഇത് പാലിക്കണം.

 • എങ്ങനെയാണ് സാമൂഹ്യ ശരിദൂരം പാലിക്കേണ്ടത് ?

കഴിയുന്നത്ര ആളുകളുമായുള്ള അടുത്ത സമ്പര്‍ക്കം സമൂഹത്തില്‍ കുറക്കുക എന്നത് തന്നെയാണ് ഇതിന്റെ ആശയം. അനാവശ്യ യാത്രകള്‍ ഒഴിവാക്കുക, അനാവശ്യ ഒത്തുചേരലുകള്‍ ഒഴിവാക്കുക, അനാവശ്യ പൊതുസ്ഥല സന്ദര്‍ശനം ഒഴിവാക്കുക എന്നതാണ് കാതല്‍. ആവശ്യമുള്ളത് ഒന്നും ഒഴിവാക്കേണ്ടതില്ല.

 • ഈ സമയത്ത് വീടിനു പുറത്തിറങ്ങാന്‍ പാടില്ല എന്നാണോ ?

ഒരിക്കലും അല്ല. അനാവശ്യ കാര്യങ്ങളും മാറ്റിവെയ്ക്കാവുന്ന കാര്യങ്ങളും ഒഴിവാക്കണം എന്നു മാത്രം. നമ്മുടെ ജീവിത രീതികള്‍ കുറച്ച് നാളത്തേക്ക് ഒന്നു പുനക്രമീകരിക്കണം എന്ന് പറയുന്നതാവും നല്ലത്. എല്ലാ ആഴ്ചകളിലും കടയില്‍ പോയിരുന്നത് മാസത്തില്‍ ഒന്നാക്കാന്‍ കഴിയുമോ ? ആഴ്ചയില്‍ മൂന്ന് ദിവസം കടയില്‍ പോയിരുന്നത് ആഴ്ചയില്‍ ഒന്നാക്കാന്‍ കഴിയുമോ ? ഒരുപാട് ദൂരെയുള്ള കടയില്‍ ഇടക്കിടെ പോകുന്നതിന് പകരം തൊട്ടടുത്തുള്ള കടയില്‍ പോകാന്‍ കഴിയുമോ ? ഇതെല്ലാം നമ്മളാല്‍ കഴിയും വിധം പുനക്രമീകരിക്കണം എന്ന് മാത്രം. വാങ്ങുന്ന സാധനങ്ങലില്‍ ഒരു കുറവും വരുത്തേണ്ടതില്ല. അങ്ങനെ ചെയ്യുമ്പോള്‍ സമൂഹ സമ്പര്‍ക്കം താത്കാലികമായി കുറയും.

 • ഹോട്ടലുകളില്‍ പോകാന്‍ സാധിക്കുമോ ?

ഒരു ആവശ്യ കാര്യങ്ങളും വേണ്ടെന്നു വെയ്‌ക്കേണ്ടതില്ല. പക്ഷെ വീടിനടുത്തുള്ള തിരക്കൊഴിഞ്ഞ ഹോട്ടലില്‍ പോകാം. അല്ലെങ്കില്‍ പാഴ്‌സല്‍ വാങ്ങി വീട്ടില്‍ പോയി കഴിക്കാം. അല്ലെങ്കില്‍ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത് കഴിക്കാം. ഹോട്ടലുകളില്‍ തന്നെ 1 മീറ്റര്‍ അകലത്തില്‍ ടേബിളുകള്‍ ക്രമീകരിക്കാം.

 • വ്യായാമം ചെയ്യുവാന്‍ കഴിയുമോ ?

തീര്‍ച്ചയായും ചെയ്യണം. ജിം ഉപയോഗിക്കുന്നതിന് പകരം വീടിനടുത്ത് നടക്കാനോ, ഓടാനോ പോകാം. സൈക്കിള്‍ ചവിട്ടാം, വീടിനകത്ത് തന്നെ വ്യായാമം ചെയ്യാം. അങ്ങിനെ വ്യായാമ രീതികള്‍ പുനക്രമീകരിക്കണം എന്ന് മാത്രം.

 • ഓഫീസ് അവധി നല്‍കിയിട്ടില്ല. അത് പ്രശ്‌നമാകില്ലേ ?

ആവശ്യമുള്ള ഒരു കാര്യങ്ങള്‍ക്കും തടസ്സമില്ല. ജോലി ചെയ്യുക തന്നെ വേണം. IT കമ്പനികള്‍ക്ക് work from home എടുക്കാം. മീറ്റിംഗുകളും പരിശീലനങ്ങളും ഓണ്‍ലൈന്‍ ആക്കാം. ഉച്ചഭക്ഷണ സമയത്ത് എല്ലാവരും ഒരുമിച്ച് ഒത്തുകൂടുന്നതിന് പകരം പല shift കള്‍ ആക്കാം.

 • പൊതു ഗതാഗത സംവിധാനം ഉപയോഗിക്കാമോ ?

ആവശ്യമുള്ള യാത്രകള്‍ക്ക് പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നതില്‍ ഒരു കുഴപ്പവുമില്ല. അനാവശ്യ യാത്രകള്‍ ഒഴിവാക്കണം എന്ന് മാത്രം.

 • കുട്ടികള്‍ വീടിനു പുറത്തിറങ്ങി കളിക്കാമോ ?

കുട്ടികള്‍ വീടിനു പുറത്തിറങ്ങി കളിക്കുന്നതില്‍ തെറ്റില്ല. ഒരുപാട് കുട്ടികള്‍ ഒരുമിച്ച് വേണ്ട എന്ന് മാത്രം. നമ്മുടെ വീട്ടിലെ കുട്ടികളും അപ്പുറത്തെ വീട്ടിലെ കുട്ടികളും കൂടി 3-4 കുട്ടികള്‍ ചേര്‍ന്ന് കളിക്കട്ടെ. വലിയ പാര്‍ക്കുകള്‍ ഒഴിവാക്കാം. വീടിനടുത്തുള്ള ചെറിയ പാര്‍ക്കുകളില്‍ തിരക്കൊഴിഞ്ഞ സമയം പോകാം. അനാവശ്യ വിനോദയാത്രകള്‍ ഒഴിവാക്കാം.

 • സാമൂഹ്യ ശരിദൂരം പാലിച്ചാല്‍ മറ്റ് മുന്‍കരുതലുകള്‍ വേണ്ട എന്നാണോ?

അല്ല. ഇതോടൊപ്പം കൈകള്‍ കഴുകുക എന്ന ശീലവും രോഗമുള്ളവരുടെ അടുത്ത് അനാവശ്യ സമ്പര്‍ക്കം ഒഴിവാക്കുക എന്നതും നമുക്ക് ശ്വാസകോശ രോഗലക്ഷണം ഉണ്ടെങ്കില്‍ വീടിനുള്ളില്‍ കഴിയുക എന്നതും തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാലയോ തോര്‍ത്തോ ഉപയോഗിച്ച് വായ് മൂടുക എന്നതും കൃത്യമായി പാലിക്കപ്പെടണം. വിടിനുള്ളില്‍ പ്രവേശിച്ച ഉടനെയും മറ്റ് സ്ഥലങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ ഇടയ്ക്കിടയ്ക്കും കൈ കഴുകുന്നത് ശീലമാക്കണം.

 • രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ മാത്രം സാമൂഹ്യ ശരിദൂരം പാലിച്ചാല്‍ പോരെ?

പോര. ഇത് സമൂഹത്തിലെ ഒരോ പൗരനും പാലിക്കണം. അങ്ങനെ ആണെങ്കില്‍ മാത്രമേ വൈറസ് വ്യാപനം തടയാനാകൂ.

 • സാമൂഹ്യ ശരിദൂരം പാലിക്കുമ്പോള്‍ സമൂഹ ബന്ധങ്ങല്‍ക്ക് വിള്ളലുണ്ടാകില്ലേ?

അത് ഉണ്ടാകാതെ ബോധപൂര്‍വ്വം ശ്രമിക്കണം. കുടുംബാംഗങ്ങലും സുഹൃത്തുക്കളുമായി ഫോണ്‍, വീഡിയോ കോള്‍ തുടങ്ങിയവയിലൂടെ നിരന്തര സമ്പര്‍ക്കം തുടരണം, പ്രത്യേകിച്ച് പ്രായമായ ആളുകളുമായി.

 • സാമൂഹ്യ ശരിദൂരം എങ്ങിനെ കാണണം?

സാമൂഹ്യ ശരിദൂരം ഭയത്തോടെ ചെയ്യേണ്ട ഒന്നല്ല. പൗര ബോധത്തോടെ നാടിനു വേണ്ടി തീര്‍ത്തും പോസിറ്റീവ് ആയി കാണണം. അനാവശ്യ കാര്യങ്ങള്‍ മാറ്റി വെയ്ക്കുമ്പോള്‍ ലഭിക്കുന്ന അധിക സമയം ഫലപ്രദമായി ഉപയോഗിക്കാം. കുടുംബാംഗങ്ങളുടെ കൂടെ അധികം സമയം ചെലവഴിക്കാം, സ്വന്തം ആരോഗ്യം മെച്ചപ്പെടുത്താം, വ്യായാമം ചെയ്യാം, പുസ്തകം വായിക്കാം, പുതിയ കാര്യങ്ങള്‍ പഠിക്കാം, ആഹാരം പാകം ചെയ്യാം, അയല്‍ക്കാരുമായി സൗഹൃദം പങ്കിടാം തുടങ്ങി സന്തോഷം ലഭിക്കുന്ന കാര്യങ്ങള്‍ ചെയ്യാനുള്ള ഒരു കാലഘട്ടമായി ഇതിനെ കാണാം. നമുക്ക് ആവശ്യമുള്ള ഒരു കാര്യങ്ങളും ചെയ്യാന്‍ തടസ്സമില്ല, പക്ഷേ അനാവശ്യ കാര്യങ്ങള്‍ പാടില്ലതാനും. ബോധപൂര്‍വ്വം നാടിനു വേണ്ടി ചെയ്യുന്ന ജീവിതചര്യയിലെ ഒരു മാറ്റമാണിത്. ഷേക്ക് ഹാന്റിന് പകരം നമസ്‌കാരവും ഹൈ ഫൈവിനു പകരം സലാമും ശീലമാക്കാം. ഒരു മീറ്റര്‍ അകലം പൊതു സ്ഥലങ്ങളില്‍ എല്ലാവരുമായി പാലിക്കാം. പക്ഷേ ആവശ്യം വന്നാല്‍ സഹായിക്കാന്‍ കരങ്ങള്‍ നീട്ടാന്‍ ഒരു മടിയും കാണിക്കരുത്.

ഡോ. രാകേഷ് പി. എസ്
ലോകാരോഗ്യ സംഘടന ഉപദേഷ്ടാവ്

1 thought on “കൊറോണയെ തുരത്താന്‍ ‘സാമൂഹ്യ ശരിദൂരം’

 1. Well-composed and matter-of-fact presentation! Most of the natural doubts and misunderstandings addressed. QnA method is very useful in such an education as this. Thank you.

Leave a Reply

Your email address will not be published. Required fields are marked *

English Malayalam