തൊലിയുടെ നിറമല്ല, മനുഷ്യനായി ഇരിക്കുക എന്നതാണ് മനോഹരം
ഭൂമിയിലെ കോടാനുകോടി ജീവികളില്‍ ഒന്നുമാത്രമായ മനുഷ്യനെ, മനുഷ്യനായി കാണാന്‍ കഴിയാതെ അവന്റെ ജാതിയുടെ-വിശ്വാസത്തിന്റെ- നിറത്തിന്റെ – ലിംഗത്തിന്റെ പേരില്‍ വേര്‍തിരിച്ചു കാണുന്ന സമ്പ്രദായം തുടങ്ങിയത് ഇന്നും ഇന്നലെയൊന്നുമല്ല. അവന് തന്നെ കണ്ടെത്തിയ അക്ഷരങ്ങളും അച്ചടിയും വായനയുമെല്ലാം ഏറ്റവുമധികം ഉപയോഗപ്പെട്ടതും ഉപയോഗിക്കുന്നതും മനുഷ്യകുലത്തെ ഭിന്നിപ്പിക്കാനും അതുവഴി കൂടുതല്‍ കൂടുതല്‍ വേര്‍തിരിവുകള്‍ സൃഷ്ടിക്കാനുമെന്നതാണ് വാസ്തവം. ദൃശ്യമാധ്യമങ്ങളുടെ കടന്നുവരവോടെ കറുത്തവനും വെളുത്തവനുമെന്ന രണ്ടു ജാതിയിലേക്ക് അത് ആളുകളെ മാറ്റി. വെളുപ്പ് എന്നത് ഉത്തമവും കറുപ്പ് അധമവുമാണെന്ന സാമൂഹിക ബോധം സൃഷ്ടിക്കപ്പെടുന്നത് അവിടെ നിന്നാണ്… വായിക്കാം, മനുഷ്യനെ മനുഷ്യനായി കാണാന്‍ പഠിച്ചിട്ടില്ലാത്ത ചിലര്‍ക്കുവേണ്ടിയുള്ള ചില ഓര്മപ്പെടുത്തലുകള്…
എഴുതിയത് -രേഖ രഘുനാഥ്
രേഖ രഘുനാഥ്
കരിംഭൂതം എന്നു കേട്ടിട്ടുണ്ടോ? പണ്ടു പറഞ്ഞു കേട്ടും വായിച്ചറിഞ്ഞതുമായ കഥകളിലാണ് കരിംഭൂതം എന്ന വാക്ക് ആദ്യമായി കേട്ടിരിക്കുന്നത്. ഇന്നലെ ആറു വയസുകാരനായ മകന് രാത്രിയില്‍ ഉറങ്ങാന്‍ കിടന്നപ്പോള്‍ അന്നത്തെ വിശേഷങ്ങളെല്ലാം പറഞ്ഞ കൂട്ടത്തില്‍ അമ്മയെ ഒരാള്‍ കരിംഭൂതമെന്നു വിളിച്ചെന്നു പറഞ്ഞു, അങ്ങനെ പറഞ്ഞാല്‍ എന്താണെന്നു മോനറിയാമോ എന്നു ചോദിച്ചപ്പോള്‍, കറുത്തതു കൊണ്ടാണോ എന്നവന് തിരിച്ചു ചോദിച്ചു, കറുപ്പിന്റെയും വെളുപ്പിന്റെയും വേര്‍തിരിവുകള്‍, അതിനെക്കുറിച്ചു ഒട്ടും ധാരണയില്ലാത്ത ഒരാളിലേക്കു എത്ര എളുപ്പത്തിലും നിസാരവുമായാണല്ലേ ചുറ്റുമുള്ളവര്‍ കുത്തികയറ്റുന്നത്? ചെറുപ്രായത്തില്‍ തന്നെ കറുപ്പ് അധമവും വെളുപ്പ് ഉത്തമവുമാണെന്നു ചുറ്റിലുമുള്ള, തൊലി നിറം വെളുപ്പെന്നു തെറ്റിദ്ധരിക്കുന്ന, ശ്രേഷ്ഠരെന്നു ധരിക്കുന്നവര്‍ പറഞ്ഞു പഠിപ്പിക്കുന്നു.
തൊലി കറുത്തതിന്റെ പേരിലുള്ള കളിയാക്കലുകള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പലതായി. ബോധവും ഓര്‍മയും ഉറച്ച കാലം മുതല്‍ കറുമ്പി എന്ന് വിളിച്ച മുഖങ്ങളെല്ലാം ഇപ്പോഴും ഓര്‍മയിലുള്ളത് അത് സൃഷ്ടിച്ച അപകര്‍ഷതാബോധവും വേദനയും ഉള്ളിലുള്ളതു കൊണ്ടുതന്നെയാണ്. അങ്ങനെ വിളിച്ചിട്ടുള്ളവരെ പിന്നീട് ഒരിക്കല്‍ പോലും കാണരുതേയെന്ന് അക്കാലത്തു പ്രാര്‍ത്ഥിക്കുക വരെ ചെയ്തിട്ടുണ്ട്.
എട്ടാം ക്ലാസ് മുതലാണ് ആ വിളി വല്ലാതെ അലോസരപ്പെടുത്തിയിട്ടുള്ളത്. ആതിരയെന്നൊരു സുഹൃത്തുണ്ടായിരുന്നു, കാക്കകുട്ടി എന്നായിരുന്നു വിളിച്ചിരുന്നത്, എല്ലാവരും കേള്‍ക്കെ…ഉറക്കെ. മറ്റുള്ളവര്‍ നോക്കി ചിരിക്കുമ്പോള്‍, അപഹാസ്യയായി തിരിച്ചൊന്നും പറയാന്‍ കഴിയാതെ അവളുടെ കൂടെ നടന്നിട്ടുണ്ട്. ഡിഗ്രിക്ക് പഠിക്കുമ്പോള്‍, കൂടെയുണ്ടായിരുന്ന ഒരു സുഹൃത്ത് കറുമ്പി എന്നു വിളിക്കുമായിരുന്നു… ഇന്നിപ്പോള്‍ പറയുകയാണ്…സുഹൃത്തേ…നിന്റെ വിളികള്‍ എന്നെ അക്കാലത്തു വല്ലാതെ വിഷമിപ്പിച്ചിട്ടുണ്ട്.
ഇത്തരം വിളികളുണ്ടാക്കിയ കടുത്ത അപകര്‍ഷതാബോധമാണ് പി ജിയ്ക്കു പഠിക്കുമ്പോള്‍ ഇഷ്ടം തോന്നിയ ഒരാളോട് അത് പറയുന്നതില്‍നിന്നും പിന്തിരിപ്പിച്ചത്, പിന്നീട് അയാളോട് സംസാരിക്കാന്‍ ഒരവസരം കിട്ടിയപ്പോള്‍ വിയര്‍ത്തു, വിളറി, വിറച്ചു മുന്നില്‍നിന്നതും പണ്ടത്തെ വിളികള്‍ പിന്വിളികളായതു കൊണ്ടാണ്. കല്യാണ ആല്‍ബത്തിലെ ഫോട്ടോ മറിച്ചു നോക്കുന്നതിനിടയില്‍, തമാശ രൂപേണ ഒരു ബന്ധു പറഞ്ഞതു ഇന്നുമോര്‍ക്കുന്നു, നിലവിളക്കിനടുത്തു കരിവിളക്കു വെച്ചതു പോലെയെന്ന്… ഇന്നും ആ പറഞ്ഞത് ഓര്‍മയില്‍ നില്‍ക്കുന്നത് അത് തമാശയായി തോന്നാത്തതു കൊണ്ട് മാത്രമാണ്.
കേരളത്തിലും ഇന്ത്യയിലും ഉള്ള ബഹുഭൂരിപക്ഷം മനുഷ്യരും തവിട്ടു നിറമുള്ളവരാണ്. ഒരു ടിവി ഷോയുടെ ഭാഗമായി, നിറത്തിന്റെ പേരില്‍ ശില്പ ഷെട്ടി അപമാനിക്കപ്പെട്ടത് ഓര്‍ക്കുന്ന ചിലരെങ്കിലുമുണ്ടാകും. ഇന്ത്യക്കാരെല്ലാം തവിട്ടു നിറമുള്ളവരാണെന്നു അന്നൊരു വിദേശി ഓര്‍മിപ്പിച്ചിരുന്നു. രജനികാന്തിനെയും ധനുഷിനെയും പോലുള്ളവര്‍ തമിഴ് സിനിമയുടെ താരരാജാക്കന്മാരായതും, ”എങ്കൂരു സൂപ്പര്‍ സ്റ്റാര്‍ രജനികാന്തും കറുപ്പ് താന്‍….അഴക് കറുപ്പ് താന്‍…”എന്ന് പാട്ടെഴുതപ്പെട്ടപ്പോഴും ”എങ്കളെ മാതിരി ആളുങ്കളെ ഉനക്കു പാര്‍ത്താ പുടിക്കാത്, പാര്‍ക്ക പാര്‍ക്ക താന്‍ പുടിക്കു”മെന്നു ധനുഷിനെ കൊണ്ടും പറയിപ്പിച്ചപ്പോഴും, ”കറുപ്പാ കലയായിരുപ്പോം” എന്നു വിജയിനെ കൊണ്ട് പാടിപ്പിച്ചപ്പോഴും കയ്യടിച്ചവരാണ് ബഹുഭൂരിപക്ഷവും. ആ കയ്യടിച്ചവരിലും ചിലരുണ്ട്, അംഗീകരിക്കാന്‍ മടിയുള്ളവര്‍. വെളുപ്പിലും കറുപ്പിലുമല്ല, മനുഷ്യനായിരിക്കുക എന്നതാണ് ഉത്തമം എന്നുള്ളതു ബോധ്യമില്ലാത്തവര്. മുകളില്‍ പറഞ്ഞതു പോലുള്ള വിളികള്‍ ആവര്‍ത്തിക്കുന്നത് അത്തരക്കാരാണ്.
ഈ എഴുത്തിന്റെ പേരില്‍ ആരില്‍ നിന്നും സഹതാപമോ, സാന്ത്വനമോ പ്രതീക്ഷിക്കുന്നില്ല. ചിലരുടെയെങ്കിലും ചുണ്ടിന് കോണില്‍ പരിഹാസമോ പുച്ഛമോ വന്നുപോയിട്ടുണ്ടാകും. അവര്‍ക്കു വേണ്ടിയാണിത്. മനുഷ്യനെ മനുഷ്യനായി കാണാന്‍ പഠിച്ചിട്ടില്ലാത്ത ചിലര്‍ക്കുവേണ്ടി…
എഴുതിയത് -രേഖ രഘുനാഥ്