നമ്മുടെ നാടിനെ രക്ഷിക്കാം ഈ സമുറായിമാരിലൂടെ…
കോവിഡില്‍നിന്നു ലോകത്തെ രക്ഷിക്കാന്‍ ജീവനെടുത്ത സമുറായിമാരാണ് നമ്മുടെ ആരോഗ്യ പ്രവര്‍ത്തകര്‍. സ്വന്തം ജീവന് ത്യജിച്ചും നാടിനെ സംരക്ഷിക്കാന്‍ ഇറങ്ങി പുറപ്പെട്ട വീരയോദ്ധാക്കള്‍ക്ക് ജപ്പാന്‍കാര്‍ നല്കിയ പേരാണ് സമുറായി എന്നത്. ജപ്പാനിലെ ചരിത്രകഥകളിലൂടെയാണ് സമുറായിമാര്‍ ജനകീയരായത്. എന്നാല്‍ ഈ കോവിഡ് നേരത്തു ലോകത്ത്, ഇന്ത്യയില്‍, കേരളത്തില്‍ ജീവിക്കുന്ന കുറെ മനുഷ്യരിലൂടെയാണ് നാം സമുറായിമാരെ കണ്ടെത്തുന്നത്.
അബുദാബിയില്‍നിന്നു തിരിച്ചെത്തുന്ന യാത്രകാരെ പരിശോധിക്കാന്‍ കൊച്ചി വിമാനതാവളത്തില്‍ ഒരുക്കിയ സജ്ജീകരണങ്ങള്‍
നമ്മുടെ ആതുരാലയങ്ങളില്‍, പൊതുനിരത്തുകളില്‍ പലവേഷത്തിലും ഭാവത്തിലും അവരെ നാം തിരിച്ചറിയുന്നു. യൂണിഫോമിട്ട പൊലീസുകാരായി, ചരക്കു വാഹനങ്ങളുടെ വളയം പിടിക്കുന്ന സാധാരണക്കാരായി, ദാ ഇപ്പോള്‍ വിമാനം പറത്തുന്ന പൈലറ്റുമാര്‍, കാബിന് ജീവനക്കാര്‍ തുടങ്ങി വിമാനവും വിമാനത്താവളവും ശുചീകരിക്കുന്ന ജോലി ഏറ്റെടുത്തവര്‍ വരെ അതു നീങ്ങുന്നു. സാമൂഹിക അകലം പാലിച്ചും മാസ്കും ധരിച്ചും വീട്ടിലിരിക്കാന്‍ പറഞ്ഞപ്പോള്‍ അങ്ങനെ അനുസരിച്ചും നാടിനെയും നാട്ടാരെയും രക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയ ഞാനും നിങ്ങളുമെല്ലാം ഒരര്‍ത്ഥത്തില്‍ സമുറായിമാര്‍ തന്നെ. എന്നാലും സ്വന്തം ജീവനെ ത്യജിച്ചും മറ്റു ജീവനുകളെ രക്ഷിക്കാന്‍ ശരീരമാസകലം മാസ്ക് ധരിച്ചു രോഗികളുടെ ഊണും ഉറക്കവും വീക്ഷിക്കുന്ന ഒരു കൂട്ടം ആളുകളെ എത്രകണ്ട് അംഗീകരിച്ചാലും മതിവരില്ല. അവരുടെ ജോലി എത്ര മനോഹരമായിട്ടാണ് അവര്‍ നിര്‍വഹിക്കുന്നത് എന്നതിനോട് കൂടെ ചേര്‍ക്കാന്‍ ഒന്നു ചരിത്രത്തെ കൂട്ടുപിടിക്കട്ടെ.
അല്പം സമുറായി ചരിത്രം
സമുറായിമാര്ക്കു പേരുകേട്ട ജപ്പാനില്‍നിന്നു തന്നെ തുടങ്ങാം. 2011 മാര്‍ച്ചില്‍ ജപ്പാനില്‍ സംഭവിച്ച ഭൂചലനത്തെയും സുനാമിയേയും തുടര്‍ന്നു ടോകിയോ ഇലക്ട്രിക് പവര്‍ കമ്പനി(ടെപ്കോ)യുടെ ഉടമസ്ഥയിലുള്ള ഫുകുഷിമ ആണവ റിയാക്ടറില്‍ ഒരു അപകടം സംഭവിച്ചു. റിയാക്ടറുകള്‍ തണുപ്പിക്കുന്ന പമ്പുകള്‍ വൈദ്യുതി തടസം നേരിട്ടു തകരാറിലായതോടെ ആണവനിലയത്തില്‍ പെട്ടിതെറിയുണ്ടായി. ആണവനിലയം ആയതുകൊണ്ടു അപകടമുണ്ടാകും എന്നത് തീര്‍ച്ചയല്ലെ. വന്‍തോതില്‍ വികിരണങ്ങള്‍ അന്തരീക്ഷത്തില്‍ പടര്‍ന്നു. കടലിനോട് ചേര്‍ന്നുകിടക്കുന്ന പ്രദേശമായതിനാല്‍ കടല്‍ജലത്തിലും വ്യാപകമായ രീതിയില്‍ അണുവികിരണം സംഭവിച്ചു.
വൈദ്യുതി നിലച്ചതുമൂലം കേടായ പമ്പുകള്‍ നന്നാക്കുക എന്നതു മാത്രമായിരുന്നു പ്രതിസന്ധി പരിഹരിക്കാനുള്ള ഏകവഴി. എന്നാല്‍ റിയാക്ടറുകളില്‍ അണുവികിരണം സംഭവിച്ചതിനാല്‍ അവിടെ എത്തി പമ്പുകള്‍ നന്നാക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ല. ഈ അവസരത്തില്‍ സ്വന്തം ജീവന് നഷ്ടപ്പെടുത്തിയും നാടിനെ രക്ഷപ്പെടുത്തണം എന്ന വികാരത്തില്‍ ജപ്പാനിലെ കുറച്ചു ശാസ്ത്രജ്ഞരും മറ്റു വിദഗ്ധ തൊഴിലാളികളും ആ ദൈത്യം ഏറ്റെടുത്തു. അന്നു അവരെ നാടിന്റെ ഹീറോയാണ് ലോകം വാഴ്ത്തിയത്. അങ്ങനെ അവര്‍ നാടിനെ പ്രതിസന്ധിയില്‍നിന്നു രക്ഷപ്പെടുത്തിയെങ്കിലും വന്‍തോതിലുള്ള ആണവവികിരണം ശരീരത്തിലേറ്റ് മിക്കവരും പിന്നീട് ക്യാന്‍സര്‍ പോലുള്ള അസുഖങ്ങള്‍ ബാധിച്ചു മരണത്തിനു കീഴടങ്ങി എന്നത് ആ ഹീറോയിസത്തിന്റെ കറുത്ത ഒരു ഏട്… ഇത്രയും ചരിത്രം.
കോവിഡിനെതിരെ പടപൊരുതി ജീവന് നഷ്ടപ്പെടുത്തിയ, ജീവിക്കുന്ന ഹീറോകളായ സ്വകാര്യ-സര്‍ക്കാര്‍-ജീവനക്കാരെ നാം എത്രമാത്രം അംഗീകരിക്കണം എന്നു ഓര്‍മപ്പെടുത്താനുള്ള ഒരു ചരിത്ര വിവരണം. പകരം നാമുള്‍പ്പെടുന്ന സമൂഹം അവര്‍ക്കു പകരം നല്‍കാനുള്ളത് എന്തെന്ന് തിരിച്ചറിയേണ്ട കടമ നമ്മുടേതല്ലെ
നമുക്കുവേണ്ടി, നമ്മുടെ നാടിനു വേണ്ടി പടനയിക്കുന്നവര്ക്കു വേണ്ടി നാം ചിലതൊക്കെ ചെയ്യേണ്ടിയിരിക്കുന്നു. ചിലതൊക്കെ ചെയ്യാതെ ഇരിക്കണം എന്നതും കൊറോണ നമ്മളെ പഠിപ്പിച്ച പാഠം. കരുതലോടെ, കരളുറപ്പോടെ നാം പ്രകൃതി ദുരന്തങ്ങളെയും പേമാരിയേയും നേരിട്ടതാണ്. കോവിഡിനെതിരെ ഫലപ്രദമായി വേണ്ട പ്രതിരോധം സൃഷ്ടിക്കാന്‍ നമുക്കു കഴിഞ്ഞുവെന്നതും വസ്തുത. ഇതെഴുതുന്ന സമയം നമ്മുടെ അയല്ദേശയമായ തമിഴ്നാട്ടില്‍ കോവിഡ് രോഗികളുടെ എണ്ണം 5000 കവിഞ്ഞു എന്നത് കൂട്ടിവായിക്കണം. മറ്റേതു രോഗത്തെക്കാള്‍, മരിച്ചവരുടെ എണ്ണമല്ല അസുഖം പിടിപെട്ടവരുടെ എണ്ണമാണ് നമ്മളെ ഭയപ്പെടുത്തുന്നത് എന്നത് കോവിഡിലൂടെ നാം തിരിച്ചറിഞ്ഞു.
കേരളത്തില്‍ അസുഖം റിപ്പോര്‍ട്ടു ചെയ്യുന്നില്ല എന്നു കരുതി നമ്മുടെ പഴയ ശീലങ്ങള്‍ തിരിച്ചുപിടിക്കാനുള്ള സമയമായില്ല എന്നതാണ് വസ്തുത. മറുനാട്ടില്‍നിന്നും വിദേശത്തുനിന്നും ജോലിയും സ്വപ്നങ്ങളും ഉപേക്ഷിച്ചു ജനിച്ച നാട്ടിലേക്കു തിരിച്ചു വരുന്ന നമ്മുടെ സഹോദരങ്ങളുടെ എണ്ണം ലക്ഷകണക്കിനാണ്. പെട്ടിനിറയെ ചോക്ലേറ്റും സമ്മാനപ്പൊതികളുമായി നമ്മുടെ നാട്ടില്‍ വന്നിറങ്ങിയിരുന്ന അവര്‍ ഈ ദുരിതക്കാലത്ത് തിരിച്ചുവരുന്നത് സങ്കടങ്ങളുടെ ഭാണ്ഡകെട്ടുകളുമായാണ്. പ്രവാസികളായിരുന്നു കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് എന്നത് ഓര്‍ക്കണം. അവരെ ആശ്വസിപ്പിക്കാന്‍ അതിനൊരു ഫോണ്‍കോള്‍, അതുമാത്രമെ ഇപ്പോള്‍ സാധിക്കു. ഒരുപാടുപേരുടെ സ്വപ്നങ്ങളും പേറി മറുനാട്ടിലെത്തേണ്ടി വന്നവര്‍ ഒഴിഞ്ഞു കൈകളുമായി തിരിച്ചു വരുമ്പോള്‍ അതുണ്ടാക്കുന്ന സാമൂഹിക പ്രതിസന്ധികള്‍ക്കു മരുന്നും ചികിത്സയും കണ്ടെത്തുക എന്നതും അത്ര എളുപ്പമല്ല.
അബുദാബിയില്‍നിന്നു കൊച്ചിയിലെത്തിയവര്‍
ഹീറോകളാവണം, നാം ഓരോരുത്തരും
ഇവിടെയാണ് നാമോരുരുത്തരും യഥാര്‍ത്ഥ ഹീറോകളായി മാറേണ്ടത്. ചില കാര്യങ്ങള്‍ നാം ശീലമാക്കേണ്ടിയിരിക്കുന്നു. ഉള്ളതു കൊണ്ടു ഓണം ഘോഷിക്കാന്‍, ഉള്ളതില്‍ പാതി പങ്കുവെയ്ക്കാന്‍, അതിനേക്കാള്‍ ഉപരി ശാരീരിക അകലം പാലിച്ചു സാമൂഹിക അകലം കുറയ്ക്കാന്‍ തുടങ്ങി അങ്ങനെ എത്രയെത്ര കാര്യങ്ങള്‍. ജാതിയുടെയും മതത്തിന്റെയും വിശ്വാസത്തിന്റെയും മതില്കെട്ടുകള് പൊളിച്ചുകളയാന്‍ ഒരു പ്രളയത്തിനു കഴിഞ്ഞുവെങ്കിലും മഴമാറി വെയില് വന്നതോടെ നാം അതെല്ലാം തോട്ടിലൊഴുക്കി. ഉള്ളവനും ഇല്ലാത്തവനും എന്ന വേര്തിരിവുകള്ക്കു പുതിയ മാനം കൊടുത്തു. അമ്പലവും പള്ളിയും മറ്റു ആരാധാനാലയങ്ങളും അവിടെ തന്നെ ഇരുന്നുകൊള്ളട്ടെ. വിശ്വാസത്തിന്റെ പേരില്‍ പണം പിരിക്കുന്ന ആള്‍ദൈവങ്ങളെയും കല്ലെറിയേണ്ട. അതൊക്കെ അവനവന്റെ സ്വകാര്യതയായി കണ്ടു കണ്ണടയ്ക്കാം. എന്നാല്‍ കണ്ണുതുറന്നു കാണേണ്ട, കാതു തുറന്ന കേള്‍ക്കേണ്ട ഹൃദയത്തില്‍ സൂക്ഷിക്കേണ്ട ചിലതുണ്ട്. നമ്മുടെ ജീവിതമുമായി ബന്ധപ്പെട്ട്. രീതികളുമായി ബന്ധപ്പെട്ട്. അതിന് ആദ്യം വേണ്ടത് സ്വയം പര്യാപ്തത നേടുക എന്നതാണ്.
നമുക്കു വേണ്ട അരിയും പച്ചക്കറിയുമെല്ലാം നമ്മുടെ മാത്രം ബാധ്യതയായി കണ്ടു നട്ടുവളര്‍ത്തണം. എന്തും ഏതും പണം കൊടുത്തു വാങ്ങുന്ന സാമൂഹിക മാനസികാവസ്ഥയെ, ശീലത്തെ കല്ലെറിഞ്ഞു ഓടിക്കുക തന്നെ ചെയ്യണം. ഓര്‍ക്കണം കേരളം ഒരു കണ്‍സ്യൂമര്‍ സേ്റ്ററ്റ് ആണെന്നത്. മറ്റുള്ളവര്‍ നിര്‍മ്മിക്കുന്നത് വാങ്ങി ഉപേയോഗിച്ചാണ് നമുക്കു കൂടുതല്‍ ശീലം. അതുണ്ടാക്കി ഉപയോഗിച്ചല്ല. ആ ചിന്താഗതിയാണ് ഏറ്റവുമാദ്യം മാറ്റിയെടുക്കേണ്ടത്.
ആവശ്യമറിഞ്ഞു ചിലവഴിക്കാനും ചിലവു ചുരുക്കാനും നാം പഠിച്ചെടുക്കണം. ഉപ്പു-തൊട്ടു കര്‍പ്പൂരം വരെയുള്ള കാര്യങ്ങളിലെ നിര്‍ബന്ധ ബുദ്ധി കളഞ്ഞ് സാമൂഹിക കാഴ്ചപ്പാടുകളിലൂടെ നാം സ്വയം വളരണം. എനിക്കുശേഷം പ്രളയമല്ല എന്നത് ഓര്‍മയില്‍ കരുതണം. ആശയങ്ങളും അഭിപ്രായങ്ങളും വ്യക്തികേന്ദ്രീകൃതമാക്കാതെ സമൂഹനന്മയ്ക്കു ഉപകാരപ്പെടുത്താന്‍ കഴിയണം. അതിനുള്ള മാനസിക പക്വത ആര്‍ജ്ജിക്കണം. ഓണത്തിനും പെരുന്നാളിനും ക്രിസ്തുമസിനുമെല്ലാം ഭക്ഷണമൊരുക്കേണ്ടവ നമ്മുടെ തൊടിയില്‍ നട്ടുപിടിപ്പിക്കണം. സ്വകാര്യ വ്യക്തികളുടെ കൃഷിചെയ്യാത്ത സ്ഥലങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പാട്ടത്തിനെടുത്ത് കൃഷിയോഗ്യമാക്കി വിത്തുകള്‍ വിതയ്ക്കണം. സ്വയം തൊഴില്‍-വനിതാ ശാക്തീകരണവുമായി ബന്ധപ്പെട്ടു ലോകത്തിനു തന്നെ മാതൃകയായ കുടുംബശ്രീ എന്നൊരു പ്രസ്ഥാനം നമ്മുടെ നാട്ടിലുണ്ടെന്നത് മറക്കേണ്ട.
പ്രകൃതി ദുരന്തമുണ്ടായപ്പോഴും ദാ ഇപ്പോള്‍ ഈ കോവിഡ് കാലത്തും നമ്മുടെ നാട്ടിലുള്ള സമൂഹ അടുക്കളകളുടെ രുചി, ഇത്തരമൊരു അവസരത്തില്‍ മാത്രമായി ഒരുക്കരുത്. ഉത്സവങ്ങള്‍ക്കും പെരുന്നാളുകള്‍ക്കും ചിലവഴിക്കുന്ന തുകയെടുത്തു സമൂഹ അടുക്കളകള്‍ എന്നുമുണ്ടാകട്ടെ. ചുരുങ്ങിയത് പഞ്ചായത്ത് തലത്തിലെങ്കിലും. അങ്ങനെ എത്രയെത്ര കരുതലുകള്‍ നമുക്കു സ്വയം ഏറ്റെടുക്കാം. നിങ്ങള്‍ കണ്ടെത്തുന്ന, കേട്ടറിഞ്ഞ, അനുഭവിച്ചറിഞ്ഞ കരുതലുകള്‍ ജീവിതത്തിന്റെ പ്രായോഗിക തലത്തിലേക്ക് എത്തിക്കാന്‍ കഴിഞ്ഞാല്‍ അതിനുമപ്പുറം വലിയ ഹീറായിസം നമുക്ക് കാണിക്കാനുണ്ടോ. സ്വയം ഹീറോയാകാനും, നാടിനെ കൈപിടിച്ചുയര്‍ത്താനും ഈ അവസരം തന്നാലാകുംവിധം ഏറ്റെടുക്കാന്‍ കഴിഞ്ഞാല്‍ അതാണ് ഇനിയുള്ള കാലങ്ങളില്‍ നമ്മുടെ ജീവിതത്തില്‍ ഏറ്റവും മനോഹരമായത്. അത്തരമൊരു ഹീറോയിസമാണ് കൊറോണ കാലം ആവശ്യപ്പെടുന്നതും. അതിനാകട്ടെ നമ്മുടെ ഇനിയുള്ള കാലം. അതും മനോഹരമായത് തന്നെ…
എഴുത്ത്: ബിജിത് ലാല്‍ ബി
അസിസ്റ്റന്റ് പ്രൊഫസര്‍
കെ.എം.എം. കോളേജ് തൃക്കാക്കര
Good ..