വീഡിയോകോള്‍ വഴി വൈദ്യപരിശോധന

കേരള പോലീസിന്‍റെ
നേതൃത്വത്തില്‍ ആപ്പ്

അടച്ചുപൂട്ടലുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി ജോലി നോക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ ആരോഗ്യസംരക്ഷണത്തിനായി മെഡിക്കല്‍ സേവനം ലഭ്യമാക്കാന്‍ മൊബൈല്‍ ആപ്പ് പുറത്തിറക്കി. ജനമൈത്രി പോലീസും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ബ്ലൂ ഇഎച്ച്ആര്‍ എന്ന സ്ഥാപനവും ചേര്‍ന്നാണ് ആപ്പ് തയ്യാറാക്കിയത്. blueTeleMed എന്ന മൊബൈല്‍ ആപ്പ് പ്ലേസ്റ്റോറില്‍ ലഭ്യമാണ്. പൊതുജനങ്ങള്‍ക്കും ഉപയോഗിക്കാവുന്ന ഈ സേവനം തികച്ചും സൗജന്യമാണ്.

കോവിഡ് 19 നെ കുറിച്ച് മാത്രമല്ല മറ്റു അസുഖങ്ങള്‍ക്കുള്ള ചികിത്സയ്ക്കു വേണ്ട നിര്‍ദ്ദേശങ്ങളും സംശയങ്ങള്‍ക്കുള്ള മറുപടിയും ഈ ആപ്പിലൂടെ ലഭിക്കും. ആപ്പില്‍ ശേഖരിച്ചിരിക്കുന്ന ഡോക്ടര്‍മാരുടെ പട്ടികയില്‍ നിന്ന് ആവശ്യമുള്ളയാളെ തിരഞ്ഞെടുത്തു ബന്ധപ്പെടാനാകും. ഡോക്ടര്‍ വീഡിയോകോള്‍ മുഖേന രോഗിയെ പരിശോധിച്ച് ഇ-പ്രിസ്ക്രിപ്ഷന്‍ നല്‍കും. തുടര്‍ചികിത്സയ്ക്കായി ആശുപത്രിയിലേയ്ക്ക് റഫര്‍ ചെയ്യുന്ന പക്ഷം ആപ്പില്‍ ലഭിക്കുന്ന ഇ-പാസ് പൊലീസ് പരിശോധന സമയത്ത് കാണിച്ച് യാത്ര തുടരാവുന്നതാണ്.

അടച്ചുപൂട്ടല്‍ സമയത്ത് ആശുപത്രിയില്‍ പോകാതെതന്നെ ഡോക്ടര്‍മാരില്‍ നിന്ന് നേരിട്ട് ചികിത്സ തേടാനുള്ള ഈ സംവിധാനം പോലീസ് ഉദ്യോഗസ്ഥരും പൊതുജനങ്ങളും പരമാവധി വിനിയോഗിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അഭ്യര്‍ത്ഥിച്ചു.

മൊബൈല്‍ ആപ്പിന്‍റെ ലിങ്ക്

https://play.google.com/store/apps/details?id=com.blueehr.bluetelemed

Leave a Reply

Your email address will not be published. Required fields are marked *

English Malayalam