August 13, 2020

CAMPUZINE

a Campus Write n’ Read

ജേണലിസം പഠിക്കാം; സാധ്യതകള്‍ ഇങ്ങനെ

ചുറ്റും നടക്കുന്ന കാര്യങ്ങളെ വിശദമായി വിലയിരുത്താന്‍ നിങ്ങള്‍ക്ക് കഴിവുണ്ടോ… അതിന്റെ വസ്തുതകളിലേക്ക് ഇറങ്ങിചെല്ലാനും സമൂഹത്തിനെ വാസ്തവങ്ങള്‍ അറിയിക്കാനുമുള്ള ഒരു അഭിനിവേശം ഉണ്ടോ… എന്നാല്‍ തയ്യാറായിക്കോളു… നിങ്ങള്‍ പഠനവിഷമായി തിരഞ്ഞെടുക്കേണ്ടത് ജേണലിസം തന്നെ… വായിക്കാം; ജേണലിസം മേഖലയിലെ കോഴ്‌സുകള്‍, സാധ്യതകള്‍: എഴുത്ത്: അനുജ ദാസ് പി.എം., അസിസ്റ്റന്റ് പ്രൊഫസര്‍

പത്രപ്രവര്‍ത്തനം അല്ലെങ്കില്‍ മാധ്യമ രംഗം എന്നു കേള്‍ക്കുമ്പോള്‍ പ്രിന്റ് ടിവി, റേഡിയോ, ഓണ്‍ലൈന്‍, ഫോട്ടോഗ്രഫി, വീഡിയോഗ്രഫി എന്നിവയാണ് സാധാരണയായി നമ്മുടെ മനസില്‍ വരുന്നത്. എന്നാല്‍ ഇതിനപ്പുറം അഡ്വര്‍ട്ടൈസിംഗ്, പബ്ലിക് റിലേഷന്‍, ഇവന്റ് മാനേജ്മന്റ്, എന്റര്‍പ്രിനര്‍ഷിപ്പ്, ബിസിനസ് കമ്മ്യൂണിക്കേഷന്‍, എന്നീ വലിയൊരു വിഭാഗവും മാധ്യമ പഠനത്തിനോടു ചേര്‍ന്നു നില്‍ക്കുന്നു. പ്രാക്ടിക്കലിന്റെയും തിയറിയുടെയും സമ്മിശ്ര രൂപമാണ് എല്ലാ മാധ്യമ കോഴ്സുകളും.

ഡിജിറ്റല്‍ യുഗത്തിന്റെ ആവശ്യങ്ങള്‍ മുന്നില്‍ കണ്ടു കൊണ്ടു തന്നെ സൈബര്‍ ജേണലിസം, ഓണ്‍ലൈന്‍ ജേണലിസം അഥവാ ന്യൂ മീഡിയ എന്നീ പേരുകളില്‍ പുതിയ കോഴ്സുകളും പ്രാക്റ്റിക്കല്‍ രൂപത്തില്‍ തന്നെ സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് അനുയോജ്യമായ രീതിയില്‍ നിങ്ങളെ വാര്‍ത്തെടുക്കുവാന്‍ വിവിധ മാധ്യമ കോഴ്സുകള്‍ സര്‍വകലാശാലകള്‍ ഒരുക്കുന്നു. തനതായ കഴിവിന്റെ കൂടെ ഒരു പ്രൊഫഷണല്‍ പരിശീലനം കൂടി ലഭിച്ചാല്‍ വളരെ നന്നായി ശോഭിക്കാന്‍ കഴിയുന്ന ഒരു മേഖലയാണ് മാധ്യമ രംഗം. അനന്ത സാധ്യതകളുള്ള ഒരു തൊഴില്‍ മേഖല കൂടിയാണിത്.

കോഴ്‌സ് എവിടെ തുടങ്ങണം

പ്ലസ്ടു മുതല്‍ തന്നെ വിദ്യാര്‍ഥികള്‍ക്ക് മാധ്യമ പഠന കോഴ്സുകളില്‍ പരിശീലനം നേടിത്തുടങ്ങാം. പ്ലസ് വണ്‍, പ്ലസ്ടു തലത്തില്‍ ഹ്യുമാനിറ്റീസ് ബാച്ചിലൂടെയാണ് ജേണലിസം കോഴ്സു പഠിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം ലഭിക്കുന്നത്. യു.ജി തലത്തിലാകട്ടെ മൂന്നു വര്‍ഷത്തെ ബി.എ. മാസ് കമ്മ്യൂണിക്കേഷന്‍, ബി.എ. ലിറ്ററേച്ചര്‍ ആന്റ് കമ്മ്യൂണിക്കേഷന്‍, ബി.എ. വൊക്കേഷണല്‍ ജേണലിസം, ബിവോക്ക്, ബി.എ. മള്‍ട്ടിമീഡിയ എന്നീ പല പേരുകളിലും മാധ്യമ പഠനത്തിന്റെ സാധ്യതകള്‍ വിദ്യാര്‍ഥികള്‍ക്കു മുന്നിലായി യൂണിവേഴ്സിറ്റികള്‍ തുറന്നിടുന്നു. പി.ജി തലത്തില്‍ എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍, മാസ്റ്റര്‍ ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസം, എംഎ. കമ്മ്യൂണിക്കേഷന്‍, എംഎ. ടെലിവിഷന്‍ ജേണലിസം, എംഎ. മള്‍ട്ടിമീഡിയ എന്നീ പേരുകളില്‍ യൂണിവേഴ്സിറ്റികള്‍ കോഴ്സുകള്‍ നല്‍കുന്നു. അതേസമയം യൂണിവേഴ്സിറ്റി ഇതര സ്ഥാപനങ്ങള്‍ ഒരു വര്‍ഷത്തെ ഡിപ്ലോമ കോഴ്സുകള്‍ പൂര്‍ണമായി പ്രവര്‍ത്തി പരിചയരീതിയില്‍ തന്നെ ഒരുക്കുന്നു.

തൊഴില്‍ സാധ്യതകള്‍

ഒരു കോഴ്‌സ് തിരഞ്ഞെടുക്കുമ്പോള്‍ ആദ്യം തന്നെ മനസില്‍വരുന്ന കാര്യമാണല്ലോ, ആ കോഴ്‌സ് പഠിച്ചതിനു ശേഷമുള്ള തൊഴില്‍ സാധ്യതകള്‍. മറ്റേതു കോഴ്‌സിനേക്കാളും തൊഴില്‍ സാധ്യതയുള്ള ഒരു വിഷയമാണ് ജേണലിസം. ജേണലിസവുമായി യാതൊരു ബന്ധമില്ലാത്ത ജോലിക്കുപോലും ഉപകാരപ്പെടുന്ന നിരവധി കാര്യങ്ങള്‍ നിങ്ങള്‍ക്കു ജേണലിസം ക്ലാസ്മുറിയില്‍നിന്നു കൂടെ കൂട്ടാമെന്നതും വസ്തുതയാണ്. പ്രത്യേകിച്ചു സമൂഹമാധ്യമങ്ങള്‍ക്കു ഇത്രയധികം പ്രസക്തിയുള്ള ഒരു കാലഘട്ടത്തില്‍ ജേണലിസം പഠിച്ചു എന്നത് ഒരു സ്വകാര്യനേട്ടമായി കരുതുകതന്നെയാവാം. എന്നാല്‍ ജേണലിസവുമായി ബന്ധപ്പെട്ട ജോലികളും അവസരങ്ങളും സര്‍ക്കാര്‍ മേഖലയില്‍ കുറവാണ് എന്നത് എടുത്തുപറയേണ്ടതുണ്ട്. പക്ഷേ നിങ്ങള്‍ ജേണലിസം വിഷയം പ്ലസ്ടു-ബിരുദ തലത്തില്‍ പഠിച്ചുവെന്നു കരുതുക, മറ്റേതു വിഷയങ്ങളിലേയും ഡിഗ്രിക്കു സമാനമായ യോഗ്യതയും അതുവഴി സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കാനുള്ള അവസരവും നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്. സര്‍ക്കാര്‍-സ്വകാര്യമേഖലകളിലെ അവസരങ്ങള്‍ ഒന്നു പരിചയപ്പെടാം.

സര്‍ക്കാര്‍ മേഖലയിലെ അവസരങ്ങള്‍

 • പബ്ലിക് റിലേഷന്‍ വകുപ്പുമായി ബന്ധപ്പെട്ട തൊഴിലുകള്‍
 • പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, ദൂരദര്‍ശന്‍, ആകാശവാണി
 • സിവിൽ സർവ്വീസ് പരീക്ഷ വഴി ഇന്ത്യൻ ഇൻഫർമേഷൻ സർവ്വീസിൽ കയറാം
 • എല്ലാ വകുപ്പുകളിലും പബ്ലിക് റിലേഷന്‍ ഓഫീസര്‍ തസ്തികയില്‍ നിയമനം നടത്താറുണ്ട്
 • സര്‍ക്കാര്‍ സ്‌കൂള്‍, കോളേജ് ജേണലിസം അദ്ധ്യാപക അവസരങ്ങള്‍
 • ആര്‍ക്കിയോളജി, പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് തുടങ്ങി വിവിധ വകുപ്പുകളില്‍ എഡിറ്റര്‍/റിപ്പോര്‍ട്ടര്‍ തസ്തിക
 • സ്വയംഭരണ സ്ഥാപനങ്ങളില്‍ റിപ്പോര്‍ട്ടര്‍/പി.ആര്‍.ഒ. തസ്തിക

സ്വകാര്യസ്ഥാപനങ്ങളിലെ സാധ്യതകള്‍

 • പത്ര-ചാനല്‍-റേഡിയോ മാധ്യമ സ്ഥാപനങ്ങളില്‍ അവസരം
 • സ്വകാര്യ ആശുപത്രികള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവയില്‍ പി.ആര്‍.ഒ. ജോലികള്‍
 • ഓണ്‍ലൈന്‍ മാധ്യങ്ങള്‍, കണ്ടന്റ് റൈറ്റിംഗ് തുടങ്ങിയ മേഖലകള്‍
 • പരസ്യം-കോപ്പി റൈറ്റിംഗ് തുടങ്ങിയ ക്രിയാത്മകമായ തൊഴില്‍ അവസരങ്ങള്‍
 • സ്വകാര്യ സ്‌കൂള്‍-കോളേജ് അദ്ധ്യാപക ജോലികള്‍
 • ഓണ്‍ലൈന്‍ മേഖലയുമായി ബന്ധപ്പെട്ട സ്വയം സംരംഭങ്ങള്‍

ഒരു കോഴ്‌സിനേക്കാളുപരി സമൂഹപ്രവര്‍ത്തനം കൂടിയാണ് പത്ര പ്രവര്‍ത്തനം എന്നതും പറയാതെവയ്യ. ഈ നൂറ്റാണ്ടു കണ്ട ഏറ്റവും വലിയ മഹാമാരിയിലൂടെ നാം ഇന്നു അതിജീവിച്ചു പോകുമ്പോള്‍ വിവിധ മേഖലകള്‍ നിശ്ചലമായത് നമ്മള്‍ കണ്ടു. എന്നാല്‍ ഈ കാലയളവില്‍ നിലക്കാതെ പ്രവര്‍ത്തിച്ച് സമൂഹത്തിലേക്ക് വിവരങ്ങള്‍ അതാത് സമയം എത്തിച്ച ഒരു മേഖലയാണ് മാധ്യമ പ്രവര്‍ത്തനം. ടെലിവിഷനിലൂടെയും റേഡിയോയിലൂടെയും പത്രങ്ങളിലൂടെയും ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും വാര്‍ത്തകള്‍ നിങ്ങളിലേക്ക് ഒഴുകിയെത്തുന്നു. പലപ്പോഴും ഇവയുടെയെല്ലാം സമ്മിശ്ര രൂപങ്ങളിലൂടെയും വാര്‍ത്തകള്‍ നിങ്ങളിലേക്ക് എത്താറുണ്ട്. ഈ ഒരു മേഖലയിലെ സാധ്യതകള്‍ നിങ്ങള്‍ക്കു ചുറ്റും തന്നെ കാണാനാകും. നിങ്ങളുടെ അഭിനിവേശവും കഴിവും തിരിച്ചറിഞ്ഞ് ഏറ്റവും ഉചിതമായ മാധ്യമ രംഗത്തെ കോഴ്സുകള്‍ തെരഞ്ഞെടുക്കാന്‍ പറ്റിയ സമയമാണിത്.

എഴുത്ത്: അനുജ ദാസ് പി.എം.
അസിസ്റ്റന്റ് പ്രൊഫസര്‍
സ്‌കൂള്‍ ഓഫ് മീഡിയ ആന്റ് കമ്മ്യൂണിക്കേഷന്‍,
ഡിപോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ടെക്‌നോളജി- (ഡിസ്റ്റ്) അങ്കമാലി

ജേണലിസം വിഷയുമായി ബന്ധപ്പെട്ട കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ മറ്റ് അവസരങ്ങള്‍, പഠന സ്ഥാപനങ്ങള്‍ എന്നിവയെ കുറിച്ച് അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. വിഷയവുമായി ബന്ധപ്പെട്ട് അതതു മേഖലകളിലെ പ്രമുഖരുമായി ചര്‍ച്ചചെയ്യാനുള്ള അസരം ലഭിക്കും.

English Malayalam