CAMPUZINE

a Campus Write n’ Read

മലയാള സിനിമ കടന്നുപോയ പത്തുവര്‍ഷങ്ങള്‍

പത്തുവര്‍ഷമെന്നത് ചെറിയ കാലയളവല്ല. അതും ആശയവിനിമയ-സാങ്കേതിക രംഗത്ത്. തുടക്കം മുതല്‍ ഒടുക്കം വരെ സാങ്കേതിക വിദ്യയ്ക്കും വിനിമയരീതിക്കും വ്യക്തമായ ആധിപത്യമുള്ള സിനിമാ വ്യവസായം പോലുള്ള മേഖലകളില്‍ പ്രത്യേകിച്ചും. 2010 മുതല്‍ 2020 വരെയുള്ള കാലയളവില്‍ മലയാള സിനിമാ മേഖലയില്‍ വന്നുചേര്‍ന്ന ചില മാറ്റങ്ങളാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്. പത്തുവര്‍ഷത്തിനിടയില്‍ മലയാള സിനിമയുടെ ഉള്ളടക്കത്തിലും താരമൂല്യത്തിലും ആസാദ്വനരീതിയിലും സംഭവിച്ച പൊരുത്തങ്ങളും പൊരുത്തക്കേടുകളും… വായിക്കാം…

തയ്യാറാക്കിയത്, ശ്രീനാഥ് എസ്, എം.സി.ജെ. വിദ്യാര്‍ത്ഥി, എസ്.എച്ച്. കോളേജ്, തേവര

തളര്‍ച്ചയില്‍നിന്നും വളര്‍ച്ചയിലേക്ക് മലയാളസിനിമയെ കൈപിടിച്ചുയര്‍ത്തിയ ഒരു ദശകത്തിലൂടെയാണ് 2010-2019 ല്‍ നാം കടന്നു പോയത്. കൊട്ടിഘോഷിക്കപ്പെടുന്ന താരരാജാക്കന്മാര്‍ കൂടാതെ, മലയാള സിനിമയില്‍ കഴിവുള്ള യുവതാരങ്ങള്‍ ഉണ്ടെന്നും വ്യത്യസ്ത ശൈലികള്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറായി മലയാള മനസ്സ് പുരോഗമിച്ചിട്ടുണ്ട് എന്നും മനസ്സിലാക്കാന്‍ ഈ ദശാബ്ദത്തില്‍ മലയാളസിനിമയ്ക്ക് ഉണ്ടായമാറ്റം തന്നെ തെളിവാണ്. കേട്ടു മടുത്ത പ്രണയ കഥകളുടെയും മടുപ്പ് സൃഷ്ടിച്ചു തുടങ്ങിയ മാസ് മസാല പടങ്ങളുടെയും ആവര്‍ത്തനം മലയാളസിനിമ മേഖലയെ ആകെ പിന്നോട്ട് വലിക്കുകയും, മലയാളികളെ മറ്റ് അന്യഭാഷാ ചിത്രങ്ങളിലേക്ക് എത്തിപ്പെടാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. ചുരുക്കം ചില വ്യത്യസ്ത ശ്രമങ്ങള്‍ ഒഴിച്ചാല്‍ മറ്റെല്ലാം നിലവാരത്തില്‍ എത്താന്‍ കഴിയാതെ പോയവയാണ്. ദിലീപ് എന്ന നടനെ താരപരിവേഷം ലഭിക്കുകയും, ജയറാം, സുരേഷ് ഗോപി തുടങ്ങിയവര്‍ തഴയപ്പെടുകയും ചെയ്തു. എന്നാല്‍ 2009- 10 കാലമെത്തിയപ്പോഴേക്കും, മലയാളസിനിമ മാറ്റത്തിന് വഴിയില്‍ എത്തിയിരുന്നു. താരപരിവേഷം മാത്രം നോക്കാതെ കഥയും കഥാപാത്രങ്ങളെയും നോക്കി സിനിമയെ അളക്കാന്‍ ജനങ്ങളും, വ്യത്യസ്ത ശ്രമങ്ങള്‍ നടത്താന്‍ തയ്യാറായി സിനിമാലോകവും എത്തിയതോടെ മോളിവുഡ് മാറ്റത്തിന്റെ വഴിയിലെത്തി. പാസഞ്ചര്‍,കേരള കഫെ തുടങ്ങിയ സിനിമകള്‍ മരം ചുറ്റി പ്രേമവും നായകന്റെ ധീരതയും മാത്രമല്ല, യഥാര്‍ത്ഥ ജീവിതവും രാഷ്ട്രീയവും ജനങ്ങള്‍ ഇഷ്ടപ്പെടുന്നു എന്ന് കാണിച്ചു തന്നു. പുതുതലമുറയുടെ ഉദയത്തിനു തിരികൊളുത്തി മലര്‍വാടിയും ഋതുവും ശ്രദ്ധാകേന്ദ്രമായപ്പോള്‍, ശിക്കാറും പ്രാഞ്ചിയേട്ടനും പുതുമകൊണ്ട് പിടിച്ചു നിന്നു.

ആസ്വാദന രീതിയിലും മാറ്റം

ഒരു താരത്തിന്റെയും മേമ്പൊടിയില്ലാതെ, കഥാതന്തു കൊണ്ട് ഉണ്ട് മലയാളികളുടെ ആസ്വാദന രീതിയെ തന്നെ മാറ്റിമറിക്കാന്‍ ട്രാഫിക് പോലുള്ള ചില ചിത്രങ്ങള്‍ക്കു കഴിഞ്ഞു എന്നതും കഴിഞ്ഞ നൂറ്റാണ്ടില്‍ രേഖപ്പെടുത്തിയതാണ്. സ്പൂഫ് സിനിമകളും റിയലിസ്റ്റിക് സിനിമകളും മലയാളത്തില്‍ തരംഗമായി തുടങ്ങി. നായകന്മാര്‍ മാത്രമല്ല, നായികമാരും ആരും സഹകഥാപാത്രങ്ങളും പ്രധാനികള്‍ ആയി. സംവിധായകനും ഛായാഗ്രാഹകനും അവരുടേതായ മേല്‍വിലാസം സിനിമാലോകത്ത് ഉണ്ടാക്കിയെടുത്തു. മലയാള സിനിമയില്‍ വേറിട്ട ചിന്താഗതികളും പുരോഗമന ആശയവും കൊണ്ടുവരാന്‍ കഴിഞ്ഞ സിനിമകളാണ് ട്രിവാന്‍ഡ്രം ലോഡ്ജ്, ആമേന്‍, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, മുംബൈ പോലീസ് എന്നിവ. മലയാളികളുടെ സ്ഥിരം ചിന്താഗതി മാറി വിശാലമായി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത് ഇക്കാലത്തെ സിനിമകള്‍ വഹിച്ച പങ്ക് ചെറുതല്ല. സദ്ഗുണസമ്പന്നരായ കാമുകി കാമുക-കഥാപാത്രങ്ങളില്‍ നിന്നിരുന്ന മലയാളി ജീവിതം അമീറിനെയും അക്ബറിനെയും സ്‌നേഹപൂര്‍വ്വം സ്വീകരിക്കുന്നതാണ് ഈ ദശാബ്ദത്തിന്റെ അവസാനം നാം കണ്ടത്. എന്നാല്‍ ഒരു കഴമ്പും ഇല്ലാത്ത കഥയും ദ്വയാര്‍ധ പ്രയോഗങ്ങള്‍ നിറഞ്ഞ നിലവാരം കുറഞ്ഞ കോമഡിയും ഇന്നും കൊട്ടിഘോഷിക്കപ്പെടുന്നു എന്നത് ചിന്തിക്കേണ്ട വസ്തുതയാണ്.

പുതുമകള്‍ ഏറെ…

രണ്ടായിരം തുടങ്ങിയുള്ള പത്തുവര്‍ഷങ്ങളില്‍ നാം നേരിടേണ്ടി വന്ന ആശയ- വിഷയദാരിദ്ര്യം മാറി, സിനിമയുടെ എല്ലാ മേഖലകളെയും എന്നും പുതുമകള്‍ എയും അംഗീകരിക്കാന്‍ പറ്റിയ കാണികളെയും പുതുതായി ചിന്തിക്കാന്‍ കഴിയുന്ന പ്രതിഭകളെയും ലഭിച്ചു എന്നതാണ് കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ മലയാളസിനിമയെ കൈപിടിച്ചുയര്‍ത്തിയത്. സമൂഹത്തിലെ എല്ലാ തട്ടിലും നില്‍ക്കുന്ന ജനങ്ങളുടെയും ജീവിതം, പച്ചയെ തുറന്നുകാട്ടാന്‍ സിനിമയ്ക്ക് കഴിഞ്ഞു. ചിരിപ്പിക്കാനും, ചിന്തിപ്പിക്കാനും, ജീവിതത്തില്‍ എന്തെങ്കിലും മാറ്റം വരുത്താനും കഴിയുന്നിടത്താണ് സിനിമ വിജയിക്കുക എന്ന് പല ചിത്രങ്ങളുടെയും പ്രേക്ഷകപ്രീതി വെളിവാക്കുന്നു. നിരാശപ്പെടുത്തുന്ന ചിത്രങ്ങളെയും, സംവിധായകരെയും താരങ്ങളെയും ജനം നിശിതമായി വിമര്‍ശിക്കുന്നു എന്നത് ഇവരെ കൂടുതല്‍ സെലക്ടീവ് ആകാന്‍ പ്രേരിപ്പിക്കുന്നു. കോമഡി റോളുകളില്‍ ഒതുങ്ങിനിന്നിരുന്ന പലരും പിന്നീടു സ്വഭാവ റോളുകളില്‍ തിളങ്ങുകയും ദേശീയ അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്യുന്നു.

പത്തുവര്‍ഷം മുന്‍പ് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി കൊണ്ടിരുന്ന മലയാളസിനിമ കഴിഞ്ഞ പത്തുവര്‍ഷത്തില്‍ നേടിയെടുത്ത വിജയം സിനിമ പ്രവര്‍ത്തകരുടെ എന്നപോലെ കാണികളുടെയും കൂടിയാണ്. നയന്‍ പോലുള്ള ചിത്രങ്ങള്‍ മലയാളികളുടെ പരീക്ഷണ ചിത്രങ്ങളുടെ വിമുഖത വെളിവാക്കുന്നു ഉണ്ടെങ്കിലും പിന്നീടുണ്ടായ പ്രേക്ഷകപ്രീതി നല്ലൊരു മാറ്റത്തിനുള്ള സാധ്യതയാണ് വെളിവാക്കുന്നത്. കൊമേര്‍ഷ്യല്‍ സിനിമകളും ആര്‍ട്ട് സിനിമകളും തമ്മിലുള്ള അന്തരം കുറഞ്ഞു വരുന്നതും പുതിയ അഭിനയരീതിയും അഭിനേതാക്കളും ഉണ്ടാവുന്നതു മലയാളസിനിമ കുതിപ്പിലേക്ക് എന്നുള്ളതിനുള്ള അഭേദ്യമായ തെളിവാണ്. സിനിമയെ വെറും കച്ചവടമായി കാണാതെ, കലയായി, സമൂഹത്തിന്റെ വക്താവായി, അതിലുപരി നമ്മുടെ ജീവിതത്തിന്റെയും സംസ്‌കാരത്തിന്റെയും യഥാര്‍ത്ഥ രൂപമാക്കാന്‍ കഴിഞ്ഞിടത്താണ് മോളിവുഡിന്റെ വിജയം എത്തി നില്‍ക്കുന്നത്.

തയ്യാറാക്കിയത്, ശ്രീനാഥ് എസ്, എം.സി.ജെ. വിദ്യാര്‍ത്ഥി, എസ്.എച്ച്. കോളേജ്, തേവര

English Malayalam